തിരുവനന്തപുരം: കെഎസ്ആർടിയിലെ പ്രതിസന്ധിയ്‌ക്ക് കാരണം കേന്ദ്ര സർക്കാരാണെന്ന വിചിത്രവാദവുമായി ഗതാഗതമന്ത്രി ആന്റണി രാജു. ബൾക്ക് പർച്ചേസ് അനുമതി ഒഴിവാക്കിയത് കേന്ദ്രസർക്കാരാണ്. ഇതാണ് പ്രതിസന്ധിയ്‌ക്ക് കാരണമെന്നും മന്ത്രി പറഞ്ഞു. ശമ്പളത്തിന് പകരം കൂപ്പൺ കൊടുക്കാൻ കഴിഞ്ഞ തവണ ആവശ്യപ്പെട്ടത് ഹൈക്കോടതിയാണെന്നും ഒരിക്കലും കൂപ്പൺ കൊടുക്കാമെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ് എവിടെയും പറഞ്ഞിട്ടില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്താനായി കെഎസ്ആർടിസി 113 ബസുകൾ കൂടി വാങ്ങുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 104 കോടി രൂപ ചെലവാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ബസുകൾ വാങ്ങുന്നതെന്നും ആന്റണി രാജു അറിയിച്ചു. തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഇന്ന് വൈകിട്ടോടെ പരിഹാരം ഉണ്ടാകുമെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു. ഇന്ന് വൈകിട്ടോടെ 40 കോടി നൽകുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. അത് കിട്ടിയാൽ ഇന്ന് തന്നെ ശമ്പളം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Comments