മധുര: നടനും പൊതുപ്രവർത്തകനുമായ വിജയകാന്തിന്റെ ആരോഗ്യനില മോശമാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നടന്റെ ആരാധകരും സിനിമാ പ്രേമികളും ഡി.എം.ഡി.കെ പാർട്ടി പ്രവർത്തകരും തങ്ങളുടെ ക്യാപ്റ്റൻ പൂർണ ആരോഗ്യവാനായി തിരിച്ചെത്താനുള്ള പ്രാർത്ഥനയിലാണ്. വിജയകാന്തിന്റെ മകൻ വിജയപ്രഭാകരൻ ഇന്നലെ മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ദർശനവും നടത്തിയിരുന്നു. വിജയകാന്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വളരെ വൈകാരികമായാണ് മാദ്ധ്യമങ്ങോട് വിജയപ്രഭാകരൻ പ്രതികരിച്ചത്. ക്യാപ്റ്റന്റെ ആരോഗ്യനില മോശമാണ്. അദ്ദേഹം സുഖം പ്രാപിക്കുമെന്ന് എല്ലാവരെയും പോലെ തങ്ങളും പ്രതീക്ഷിക്കുന്നുവെന്ന് നിറകണ്ണുകളോടെ മകൻ പറഞ്ഞു.
‘ക്യാപ്റ്റന്റെ ആരോഗ്യ സ്ഥിതി കുറച്ച് പിന്നോട്ടാണ്. പഴയപോലെ സംസാരിക്കുമോ, നടക്കുമോ, എഴുന്നേൽക്കുമോ എന്നറിയാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നുണ്ട്. ആരോഗ്യസ്ഥിതി കുറച്ച് പിന്നോട്ടാണെങ്കിലും നൂറ് വയസ്സ് വരെ ജീവിക്കാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ട്. ക്യാപ്റ്റൻ പൂർണ ആരോഗ്യവാനായി തിരിച്ചു വരുമെന്ന് ജനങ്ങളെ പോലെ ഞങ്ങളും വിശ്വസിക്കുന്നു. ഈ സമയം വരെ അദ്ദേഹം നന്നായി ഇരിക്കുന്നു’.
‘അസാധ്യം എന്ന കാഴ്ചപ്പാട് വിഡ്ഢികളുടേത്’ എന്നതാണ് ക്യാപ്റ്റന്റെ മന്ത്രം. അതുകൊണ്ട് അസാധ്യമായ ഒന്നുമില്ല. അതാണ് ഞങ്ങളുടെ വിശ്വാസവും. അദ്ദേഹത്തെ തിരികെ കൊണ്ടുവരും എന്ന് ഉറപ്പുള്ളതു കൊണ്ട് ഞങ്ങൾ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. ഞാനും എന്റെ അമ്മയും അദ്ദേഹത്തിന്റെ കഷ്ടപ്പാടും അദ്ദേഹം എങ്ങനെയാണ് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതെന്നും എങ്ങനെയാണ് ഒരു പാർട്ടിയെ വളർത്തിയെടുത്തതെന്നും കൂടെ നിന്ന് നോക്കി കണ്ടവരാണ്. ക്യാപ്റ്റന്റെ നിഴലായി തന്നെ ഞങ്ങൾ ഉണ്ടാകും’- വിജയപ്രഭാകരൻ
















Comments