ഓണക്കാലത്ത് നാട്ടിന്‍പുറങ്ങളില്‍ അരങ്ങേറുന്ന നിരവധി ജനകീയ കലാരൂപങ്ങളുണ്ട്. അതില്‍ ഏറെ പ്രധാനപ്പെട്ടതും പഴക്കമേറിയതുമായ നാടന്‍ കലാരൂപമാണ് കുമ്മാട്ടിക്കളി. വിനോദ കലയെന്ന രൂപത്തിലാണ് നാടന്‍ കലാചരിത്രത്തിലും കുമ്മാട്ടിക്കളിയുടെ സ്ഥാനം. ഓണക്കാലമെത്തിയാല്‍ നാട്ടിടവഴികളില്‍ ആട്ടവും പാട്ടുമായി കുമ്മാട്ടികളുമെത്തും. ഓണക്കാലത്ത് ഓണത്തപ്പനെ വരവേല്ക്കുന്നതാണ് തൃശ്ശൂരിലെ കുമ്മാട്ടിക്കളി. ശിവനെ സന്തോഷിപ്പിക്കാന്‍ ഭൂതഗണങ്ങള്‍ നൃത്തം ചെയ്തതാണ് കുമ്മാട്ടിക്കളി എന്ന ഐതിഹ്യ കഥയുമുണ്ട്. ഓണക്കാലത്ത് മഹാബലി എത്തുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഭക്തരുടെ വീട്ടില്‍ ആട്ടവും പാട്ടുമായി സന്തോഷപ്പെടുത്തണമെന്ന് ഭൂതഗണങ്ങളോട് ശിവൻ പറഞ്ഞു. അതാണത്രെ തൃശ്ശൂരിലെ കുമ്മാട്ടിക്കളിയുടെ ഐതിഹ്യം.
ഓണക്കാലത്ത് കണ്ടുവരുന്ന ഈ കലാരൂപങ്ങൾ ദേവ, മനുഷ്യ കഥാപാത്രങ്ങളും മൃഗ കഥാപാത്രങ്ങളും കുമ്മാട്ടിക്കളിയിലുണ്ട്. ശിവന്‍, ബ്രഹ്‌മാവ്, ശ്രീരാമന്‍, കൃഷ്ണന്‍, ഗണപതി, കിരാതമൂര്‍ത്തി, ദാരികന്‍, കാളി, കാട്ടാളന്‍, ഗരുഡന്‍, സുഗ്രീവന്‍, ബാലി, അപ്പൂപ്പന്‍, സന്യാസി തുടങ്ങിയ പൊയ്മുഖങ്ങള്‍ക്കൊപ്പം പുലിമുഖവും തെയ്യമുഖവും കാളമുഖവും ചില കുമ്മാട്ടികള്‍ അണിയാറുണ്ട്. കയ്യില്‍ വടിയുമായെത്തുന്ന തള്ള മുഖം കുമ്മാട്ടിയാണ് വേഷങ്ങളെ നിയന്ത്രിക്കുക. ഇപ്പോള്‍ നാടന്‍ കലാരൂപങ്ങളും ഫാന്‍സി വേഷങ്ങളും കൂടി ജനത്തെ രസിപ്പിക്കാന്‍ വേണ്ടി ഒരുക്കാറുണ്ട്. കുമ്മാട്ടിപ്പാട്ടും പാടി വില്ലു കൊട്ടി വീടു വീടാന്തരം ഉത്രാടം മുതല്‍ നാലാം ഓണം വരെ കുമ്മാട്ടികള്‍ കയറിയിറങ്ങും.
Comments