ഐസ്‌വാൾ; മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് 17 തൊഴിലാളികൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
മിസോറാമിൽ പാലം തകർന്ന് തൊഴിലാളികൾ മരിച്ചത് വേദനാജനകമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നെന്നും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി എക്‌സിൽ(ട്വിറ്റർ) കുറിച്ചു.
ഐസ്‌വാളിനടുത്ത് കുറുങ് നദിക്ക് കുറുകെ നിർമാണത്തിലുണ്ടായിരുന്ന പാലമാണ് തകർന്നത്. രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പാലം നിർമിക്കുന്നത്.
Comments