മലയാളികളുടെ പ്രിയപ്പെട്ട ചിത്രമാണ് സിഐഡി മൂസ. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിച്ച ചിത്രം. റിപ്പീറ്റ് വാല്യൂ നഷ്ടമാകാത്ത സിനിമ. ചിത്രത്തിലെ ഓരോ ഡയലോഗുകളും പാട്ടുകളും കഥാപാത്രങ്ങളും ഇപ്പോഴും മലയാളികൾക്ക് മനഃപാഠമാണ്. 2003ൽ ജോണി ആന്റണിയുടെ സംവിധാനത്തിൽ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. ദിലീപ് നായകനായി എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തിൽ വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. സിനിമയുടെ അനൗൺസ്മെന്റ് ഉടൻ ഉണ്ടാകുമെന്ന് ജോണി ആന്റണി പറഞ്ഞിരുന്നു. വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ പ്രമോഷനിടെ ആണ് സിഐഡി മൂസ ഉടൻ വരുമെന്ന് ജോണി ആന്റണി അറിയിച്ചത്.
സിഐഡി മൂസ ഒന്നാം ഭാഗത്തിൽ പ്രധാന വേഷത്തിൽ എത്തിയ നടനാണ് സലിം കുമാർ. ചിത്രത്തിലെ നടന്റെ കഥാപാത്രം ഇന്നും മലയാളികൾക്കിടയിൽ ചിരിനിറയ്‌ക്കുന്നു. സിനിമ ഇറങ്ങി ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ട്രോളൻമാർക്കിടയിലെ താരമാണ് സിഐഡി മൂസയിലെ സലിം കുമാറിന്റെ കഥാപാത്രം. എന്നാൽ സിനിമയുടെ രണ്ടാം ഭാഗം എത്തുമ്പോൾ താരം സിനിമയിൽ ഉണ്ടാകില്ലെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
സലിം കുമാർ തന്നെയാണ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്. രണ്ടാം ഭാഗം വേണ്ടന്ന പക്ഷക്കാരനാണ് താനെന്നാണ് സലിം കുമാറിന്റെ പ്രതികരണം. “രണ്ടാം ഭാഗത്തിൽ ഒരിക്കലും ഞാൻ ഉണ്ടാകില്ല. കാരണം അതിന്റെ കാലഘട്ടം മാറിക്കഴിഞ്ഞു. നമ്മുടെ പ്രായം മാറി. അന്ന് പടക്കം പൊട്ടിച്ച് നടന്ന പ്രായം അല്ലിപ്പോൾ. ഇന്ന് അതൊക്കെ പിള്ളേര് ചെയ്യട്ടെ” എന്നാണ് സലിം കുമാർ പറയുന്നത്.
സിഐഡി മൂസയിൽ ‘തൊരപ്പൻ കൊച്ചുണ്ണി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ നടനാണ് ഹരിശ്രീ അശോകൻ. ഇന്നും മലയാളികളുടെ ഹീറോയാണ് ‘തൊരപ്പൻ കൊച്ചുണ്ണി’. എനിക്ക് ഇണങ്ങുന്ന എല്ലാ വേഷവും ചെയ്യാൻ ഞാൻ തയ്യാറാണ്. സിഐഡി മൂസയിലെ പോലത്തെ കഥാപാത്രങ്ങൾ ചെയ്യാൻ ഇഷ്ടമാണ്. അതുപോലൊരു കഥാപാത്രം ഇനിയും ഞാൻ ചെയ്യും.’ എന്നാണ് ഹരിശ്രീ അശോകൻ അടുത്തിടെ പറഞ്ഞത്.
















Comments