ചന്ദ്രയാന്റെ പണി ആയുധമായ റോവർ വിജയകരമായി ലാൻഡറിന് പുറത്തെത്തി. വിക്രത്തിനുള്ളിലെ റാംപ് തുറന്ന് റോവർ പുറത്തേക്കിറങ്ങി. രാഷ്‌ട്രപതി ദ്രൗപദി മുർമ്മുവാണ് വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
I once again congratulate the ISRO team and all fellow citizens for successful deployment of Pragyan-rover from inside Vikram-lander. Its rolling out a few hours after the landing of Vikram marked the success of yet another stage of Chandrayan 3. I look forward with excitement,…
— President of India (@rashtrapatibhvn) August 24, 2023
ആറു ചക്രങ്ങളുള്ള റോവറിന്റെ ഏറ്റവും പിന്നിലെ രണ്ട് ചക്രങ്ങളിൽ ഐഎസ്ആർഒയുടെ മുദ്രയും സിംഹമടങ്ങിയ അശോക സ്തംഭവും മുദ്രണം ചെയ്തിട്ടുണ്ട്. പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ തലങ്ങും വിലങ്ങും ഓടുമ്പോൾ ആ പ്രതലത്തിൽ ഇന്ത്യയുടെ ഈ കീർത്തി മുദ്രകളും പതിയും. ജീവിയും വെള്ളവും ഒന്നുമില്ലാത്തതിനാൽ ഇവ മായാതെ ചന്ദ്രന്റെ പ്രതലത്തോട് ചേർന്ന് കിടക്കും. റോവർ വിജയകരമായി ചന്ദ്രനിൽ ആദ്യ ചുവടു വെച്ചതായി ഇസ്രോയും അറിയിച്ചു.
ലാൻഡിംഗ് നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് റോവർ പുറത്തിറങ്ങിയത്. ലാൻഡർ ഇറങ്ങിയതിനാൽ തന്നെ പ്രതലത്തിലാകെ പൊടി നിറഞ്ഞിരിക്കുകയായിരുന്നു. തുടർന്ന് ഇത് ലാൻഡറിനെ വലയം വെച്ചു. ഇത് മാറിയതിന് ശേഷമാണ് റോവർ പുറത്തേക്ക് ഇറങ്ങിയത്. ലാൻഡർ ഇറങ്ങുന്നതിനിടെ പകർത്തിയ ചിത്രങ്ങളും ഇറങ്ങിയ പ്രതലത്തിന്റെ ചിത്രവും ചന്ദ്രയാൻ-3 പങ്കുവെച്ചിരുന്നു.
ഒരു ചാന്ദ്ര പകൽ മാത്രമാണ് ലാൻഡറിന്റെയും റോവറിന്റെയും ആയുസ്, ഭൂമിയിലെ കണക്ക് പ്രകാരം 14 ദിവസം. ഈ ചുരുങ്ങിയ സമയം കൊണ്ട് ചന്ദ്രനിൽ ഇതുവരെ ആരും തൊടാത്ത ദക്ഷിണ ധ്രുവത്തിൽ നിന്ന് ആയിരക്കണക്കിന് കാര്യങ്ങളാകും ചന്ദ്രയാൻ മൂന്ന് പേടകം പഠിക്കുക. ഈ പതിനാല് ദിനങ്ങളിൽ റോവർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ ശാസ്ത്രജ്ഞർ ലാൻഡറിൽ നിന്നും ലോവറിൽ നിന്നും വരുന്ന അഞ്ച് ഉപകരണങ്ങളിൽ നിന്നും വരുന്ന ടൺ കണക്കിന് ഡാറ്റാ വിശകലനം ചെയ്യാൻ തുടങ്ങും. സെക്കൻഡിൽ ഒരു സെന്റിമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രഗ്യാൻ നാവിഗേഷൻ ക്യാമറകൾ ഉപയോഗിച്ച് ചന്ദ്രന്റെ ചുറ്റുപാടുകൾ സ്‌കാൻ ചെയ്യും.
ചന്ദ്രന്റെ ഉപരിതലത്തിലെ തണുത്തുറഞ്ഞ പ്രതലമാണ് റോവർ 14 ദിവസങ്ങൾക്ക് ശേഷം പ്രവർത്തനരഹിതമാകാനുള്ള കാരണം. മൈനസ് 238 ഡിഗ്രി സെൽഷ്യൽസ് വരെ തണുപ്പാണ് ചാന്ദ്രരാത്രിയിൽ. 14 ദിവസങ്ങൾക്ക് ശേഷം മാത്രമാണ് അടുത്ത സൂര്യോദയമെന്നതിനാൽ തന്നെ പ്രഗ്യാൻ പ്രവർത്തന രഹിതമാകും. അതുകൊണ്ടാണ് ഒരു ചാന്ദ്രദിനം മാത്രമാണ് റോവറിന് ആയുസ് ഉള്ളൂവെന്ന് പറയാൻ കാരണം.
















Comments