ഡൽഹി: 69-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മലയാള തിളക്കം. പുതുമുഖ സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം മേപ്പടിയാനിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി. ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിച്ച മേപ്പടിയാൻ മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാൻ പറയുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ നടൻ ഉണ്ണി മുകുന്ദനായിരുന്നു ചിത്രം നിർമ്മിച്ചത്.
താഷ്ക്കൻഡ് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ(Tashkent International Film Festival) ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷൻ ആയും മേപ്പടിയാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയിൽ (Bengaluru International Film Festival) തിളക്കമാർന്ന അംഗീകാരവും സിനിമയെ തേടിയെത്തി. ഇന്ത്യൻ സിനിമാ മത്സര വിഭാഗത്തിൽ (Indian cinema competition section) ‘മേപ്പടിയാൻ’ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുകയായിരുന്നു. ദുബായ് എക്‌സ്‌പോ 2020-ൽ (Dubai Expo 2020) സിനിമ പ്രദർശിപ്പിച്ചിരുന്നു. ‘ഇന്ത്യ പവലിയനിൽ’ അതിഥികൾക്ക് മുന്നിലായിരുന്നു ‘മേപ്പടിയാൻ’ പ്രദർശനം. ദുബായ് എക്സ്പോ ഇന്ത്യ പവലിയനിൽ ആദ്യമായി പ്രദർശിപ്പിച്ച ചിത്രം കൂടിയായിരുന്നു മേപ്പടിയാൻ.
പുരസ്കാരം ലഭിച്ചതിലുള്ള സന്തോഷം വിഷ്ണു മോഹൻ പങ്കുവെച്ചു. ”ഉണ്ണിയുടെ ആദ്യത്തെ പ്രൊഡക്ഷൻ ആയിരുന്നു. ഞാനും ഉണ്ണിയും ഈ സിനിമയ്‌ക്ക് വേണ്ടി ഒരുപാട് പ്രയത്‌നിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചതിൽ വലിയ സന്തോഷം. കൊറോണ സമയത്ത് വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. ഉണ്ണിയുടെ നല്ല കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലെ കഥാപാത്രം. ആ കഥാപാത്രം ജനങ്ങൾ ഏറ്റെടുത്തതിനാലാണ് സിനിമയ്‌ക്ക് ഈ അംഗീകാരം ലഭിക്കുന്നത്. ഉണ്ണിയ്‌ക്കാണ് ഞാൻ നന്ദി അറിയിക്കുന്നത്. മേപ്പടിയാന്റെ എല്ലാ അണിയറപ്രവർത്തകർക്കും നന്ദി പറയുന്നു”-വിഷ്ണു മോഹൻ പറഞ്ഞു.
















Comments