കാസർകോട്: ചിത്താരി വില്ലേജ് ഓഫീസറും അസിസ്റ്റന്റും കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. വില്ലേജ് ഓഫീസർ അരുൺ സി 2000 രൂപയും അസിസ്റ്റന്റ് സുധാകരൻ കെവി 1000 രൂപയും കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസിന്റെ പിടിയിലായത്. പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷ നൽകിയ ചിത്താരി സ്വദേശിയോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
അപേക്ഷകന്റെ സഹോദരി കെട്ടിലങ്ങാട്ട് 17.5 സെന്റ് ഭൂമി വാങ്ങുന്നതിനായി കരാർ എഴുതിയിരുന്നു. എന്നാൽ സ്ഥലത്തിന്റെ ഉടമ മരണപ്പെട്ടതോടെ ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലേക്ക് വസ്തു മാറ്റി എഴുതിയതിന് ശേഷം മാത്രമേ വിൽപ്പന നടക്കുകയുള്ളൂ. ഇതേ തുടർന്നാണ് ഭൂമിയുടെ പിന്തുടർച്ചാ അവകാശത്തിനായി രണ്ട് മാസം മുമ്പ് അപേക്ഷ സമർപ്പിക്കുന്നത്.
അപേക്ഷയുടെ പുരോഗതി അറിയുന്നതിനായി എത്തിയപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പിന്നാലെ ഈ വിവരം പരാതിക്കാരൻ കാസർകോട് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിശ്വംഭരൻനായരെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഉദ്യോഗസ്ഥരെ കെണിയിലാക്കുന്നത്. ഓഫീസിൽ വെച്ച് കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെ ഇവരെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments