കൊച്ചി: കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ അദ്ധ്യാപകനോട് മാപ്പ് പറയണമെന്ന് കോളേജ് കൗൺസിൽ. വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ സാനിദ്ധ്യത്തിൽ തന്നെ മാപ്പ് പറയണമെന്നാണ് കൗൺസിലിന്റെ തീരുമാനം. കോളേജ് നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൻമേലാണ് തീരുമാനം. റിപ്പോർട്ട് പ്രകാരം മാതൃകാപരമായി ശിക്ഷിക്കാനായിരുന്നു ഗവേണിങ് കൗൺസിൽ യോഗം തീരുമാനിച്ചത്.
നേരത്തെ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസ് വേണ്ടെന്ന് അദ്ധ്യാപകൻ തന്നെ പറഞ്ഞിരുന്നു. മഹാരാജാസ് കോളേജിലെ മൂന്നാം വർഷ ബി.എ പൊളിറ്റിക്സ് വിദ്യാർത്ഥികളാണ് ക്ലാസിൽ അദ്ധ്യാപകനെ അപമാനിച്ചത്. സംഭവത്തിൽ കെ എസ് യു നേതാവടക്കം ആറ് വിദ്യാർത്ഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. വിദ്യാർത്ഥികൾക്കെതിരെ കൂടുതൽ നടപടികൾ വേണ്ടെന്നാണ് തീരുമാനം. കഴിഞ്ഞ ദിവസം വിദ്യാർത്ഥികളുടെ സസ്പെൻഷൻ അവസാനിച്ചിരുന്നു.
വിദ്യാർഥികളുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതരമായ തെറ്റാണെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച മൂന്നംഗ അന്വേഷണ കമ്മിഷൻ ശുപാർശ നൽകിയത്. സംഭവത്തിൽ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന രീതിയിൽ ഒന്നും വേണ്ടെന്ന് ഡോ. പ്രിയേഷ് പോലീസിനോടും അന്വേഷണ കമ്മിഷനോടും ആവശ്യപ്പെട്ടിരുന്നു.വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയിൽ എവിടെ വച്ച് മാപ്പ് പറയണമെന്നത് പൊളിറ്റിക്കൽ സയൻസ് വകുപ്പ് തീരുമാനിക്കും.
















Comments