തിരുവനന്തപുരം: വീണ വിജയൻ മാസപ്പടി വാങ്ങിയതിൽ അന്വേഷണം നടത്തണമെന്ന ആവശ്യം യാഥാർത്ഥ്യ ബോധത്തിന് നിരക്കാത്തതെന്ന് ദേശാഭിമാനി. മുഖ്യമന്ത്രിയുടെ മകൾക്ക് ആദായ നികുതി വകുപ്പിൽനിന്ന് നീതി ലഭിച്ചില്ലെന്നും സിപിഎം മുഖപത്രത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.
എക്സാലോജിക് കമ്പനിയ്‌ക്കും അതിന്റെ ഡയറക്ടർ വീണയ്‌ക്കും 1.72 കോടി രൂപ ലഭിച്ചത് സുതാര്യമായിട്ടാണെന്നും പത്രം പറയുന്നു. 2019-ൽ ആദായ നികുതി വകുപ്പ് സി.എം.ആർ.എൽ. കമ്പനിയിൽ നടത്തിയ പരിശോധനയ്‌ക്കിടെ ചില ജീവനക്കാർ നൽകിയ മൊഴിയാണ് പിന്നീട് മാസപ്പടി വിവാദത്തിലെത്തിയത്. വീണയുടെ കമ്പനി സേവനം നൽകിയില്ലെന്ന പ്രസ്താവനയാണ് മാസപ്പടി വിവാദമാക്കി മാറ്റിയത്. ഈ പ്രസ്താവന സി.എം.ആർ.എൽ. പിന്നീട് പിൻവലിച്ചിരുന്നു എന്നിട്ടും വീണയ്‌ക്കെതിരെ അനാവശ്യമായി വിമർശനം ഉയർത്തുകയാണ്.
എക്‌സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള കരാറിൽ പൊതുസേവകൻ കക്ഷിയല്ല. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെങ്കിൽ പൊതുസേവകനായിരിക്കണം. ഇത്തരമൊരു സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്ന മുറവിളി യാഥാർഥ്യബോധത്തിന് നിരക്കുന്നതല്ല മുഖപ്രസംഗത്തിൽ പറയുന്നു.
വീണയ്‌ക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയാണെന്നും അതിലുള്ള വേദനയും പത്രം പങ്കുവെക്കുന്നു. സെറ്റിൽമെന്റ് കേസിൽ കക്ഷിയല്ലാത്ത ഒരാളേയും കമ്പനിയേയും കുറിച്ച് പരാമർശങ്ങൾ നടത്തുമ്പോൾ അവരുടെ ഭാഗം കേൾക്കുക എന്ന സ്വാഭാവികനീതി വീണയുടെ കാര്യത്തിലുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ മകൾക്ക് നീതി നിഷേധിക്കപ്പെട്ടതിനെതിരെയാണ് യഥാർഥത്തിൽ വിമർശനങ്ങൾ ഉയരേണ്ടതന്നും മുഖപ്രസംഗം പറയുന്നു.
















Comments