പ്രേക്ഷക പിന്തുണയോടുകൂടി തിയേറ്ററുകളിൽ ഓടികൊണ്ടിരിക്കുന്ന രജനികാന്ത് ചിത്രം ജയിലർ ഒടിടി റിലീസിന് ഒരുങ്ങുന്നു. രണ്ട് ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം ഇറങ്ങുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നെറ്റ്ഫ്‌ളിക്‌സിലൂടെയും സണ്‍ നെസ്റ്റിലൂടെയായിരിക്കും സിനിമ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തുന്നത്. തെന്നിന്ത്യയിലൊന്നാകെ മികച്ച രീതിയിൽ പ്രദർശനം തുടരുമ്പോൾ തന്നെയാണ് ചിത്രം ഒടിടി റിലീസ് ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.
സെപ്തംബർ 10 ന് ചിത്രം ഒടിടിയിൽ പ്രദർശിപ്പിക്കുന്നതെന്നാണ് പുറത്ത് വരുന്ന സൂചന. 100 കോടി രൂപയ്‌ക്കാണ് നെറ്റ്ഫ്ളിക്‌സ് ജയിലറിന്റെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ റിലീസ് തീയതി ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നെറ്റ്ഫ്‌ളിക്‌സില്‍ സിനിമ റിലീസായി 14 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും സണ്‍നെസ്റ്റ് സിനിമ പുറത്തിറക്കുന്നത്. തിയേറ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടങ്ങുന്നതിനാല്‍ മൂന്നാഴ്ചകൂടി പിന്നിട്ട ശേഷമായിരിക്കും ഒടിടി റലീസ് ഉണ്ടാവുക എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 10 നാണ് തിയേറ്ററുകളിൽ എത്തിയത്. രണ്ടാഴ്ചത്തെ കണക്കുകള്‍ പ്രകാരം തിയേറ്ററുകളില്‍നിന്ന് 550 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. ആദ്യ ആഴ്ചയില്‍ ഒരു സിനിമയ്‌ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോര്‍ഡും രജനിയുടെ ജയിലര്‍ ഇതിനോടകം സ്വന്തമാക്കിയിരുന്നു.
റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 75 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. കേരളത്തിൽ ചിത്രം ആദ്യ ദിവസം 5.85 കോടിയാണ് കളക്ഷൻ നേടിയത്. തുടർന്നുള്ള ദിവസങ്ങളിലും സമാന രീതിയിൽ ചിത്രം കളക്ഷനുകൾ വാരി കൂട്ടിയിരുന്നു. രജനികാന്തിനൊപ്പം മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ കൂടി എത്തിയപ്പോൾ ജയിലർ തിയേറ്ററുകളിൽ ആവേശത്തിരയിളക്കി. മാത്യുവായി മോഹൻലാൽ എത്തിയപ്പോൾ വർമ എന്ന വില്ലനായാണ് വിനായകൻ ചിത്രത്തിൽ തിളങ്ങിയത്.
















Comments