ഏഥൻസ്: ഇന്ത്യയുടെ കരുത്ത് ലോകത്തിന് കാട്ടിനൽകാൻ ചന്ദ്രയാൻ 3 ലൂടെ സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാം ചന്ദ്രനിൽ ത്രിവർണ പതാക നാട്ടി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യമാറി. ഇന്ത്യ ചന്ദ്രയാൻ 3 ദൗത്യത്തിലൂടെ രാജ്യം പുതിയ നാഴികക്കല്ല് പിന്നിട്ടതായും അദ്ദേഹം പറഞ്ഞു. ഗ്രീസിലെ ഇന്ത്യൻ സമൂഹത്തെ ഏഥൻസിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കൊറോണ കാലയളവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാക്‌സിൻ എത്തിക്കാൻ നമുക്ക് സാധിച്ചു. മേക്ക് ഇൻ ഇന്ത്യ വാക്‌സിൻ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിച്ചു. കൊവിഡാനന്ദരം പുതിയ ലോകക്രമം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. പുതിയ ലോകത്ത് ഇന്ത്യയ്‌ക്ക് നിർണായക സ്ഥാനമാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക മേഖല എത്രത്തോളം വളരുന്നുവോ അത്രത്തോളം നമുക്ക് രാജ്യത്തെ പട്ടിണി കുറയ്‌ക്കാൻ സാധിക്കും. കേവലം അഞ്ച് വർഷങ്ങൾ കൊണ്ട് 13.5 കോടി പൗരന്മാർ ദാരിദ്ര്യത്തിൽ നിന്നും മുക്തി നേടിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ലോകത്തെ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമ്മാതാക്കളാകാൻ ഇന്ത്യയ്‌ക്ക് സാധിച്ചു. ഭാരതം ഇന്ന് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഓട്ടോമൊബൈൽ കമ്പോളമാണ്. ലോകത്തെ മൂന്നാമത്തെ വ്യവസായ സൗഹൃദ രാഷ്‌ട്രമാണ്. ആഗോള തലത്തിൽ മുന്നേറാൻ രാജ്യത്തിന് സാധിച്ചു. കൂടുതൽ വൻകിട കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്താൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക വിദഗ്ധന്മാർ സാക്ഷ്യപ്പെടുത്തുന്നത് ഇന്ത്യ വരുംനാളുകളിൽ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നാണ്. ഐഎംഎഫ്, വേൾഡ് ബാങ്ക് എന്നിവർക്കും ഇന്ത്യൻ സാമ്പത്തിക രംഗത്തെ കുറിച്ച് മികച്ച അഭിപ്രായമാണ്. ഗ്രീസ് അവരുടെ പരമോന്നത സിവിലിയൻ ബഹുമതി തന്നാണ് ആദരവ് അറിയിച്ചിരിക്കുന്നത്. ഈ ബഹുമതി 140 കോടി ജനങ്ങൾക്കുള്ളതാണ്. ഞാൻ ഇത് ഭാരതാംബയുടെ മക്കൾക്ക് മുന്നിൽ സമർപ്പിക്കുന്നു. പ്രധാനമന്ത്രി പറഞ്ഞു.
ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഏകദിന സന്ദർശനത്തിനായി ഗ്രീസിൽ എത്തുകയായിരുന്നു. പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ഓർഡർ ഓഫ് ഓണർ നൽകിയാണ് ഗ്രീസ്, പ്രധാനമന്ത്രിയെ ആദരിച്ചത്. സന്ദർശനം പൂർത്തിയാക്കി നാളെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തും.
















Comments