മധുര: തമിഴ്നാട്ടിൽ ട്രെയിൻ അപകടം. മധുരൈ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിന് തീപിടിച്ച് ഒൻപത് പേർ മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെയെല്ലാം ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് പുക ഉയരുകയാണ്.
ലക്നൗ–രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ട്രെയിനിലെ അവസാനത്തെ റിസർവേഷൻ കോച്ചിനാണ് തീപിടിച്ചത്. ട്രെയിൻ കമ്പാർട്ടുമെന്റിൽ 90 പേരുണ്ടായിരുന്നു. തീവണ്ടിയിലെ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് വിനോദസഞ്ചാരികൾ ട്രെയിനിനുള്ളിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് വിവരം.
അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു. റെയിൽവേ ഉദ്യോഗസ്ഥരും മെഡിക്കൽ സംഘവും സുരക്ഷാ സേനയും റവന്യൂ ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്.
Comments