ഭഗവാൻെറ അവതാരമായ വാമനൻ മഹാനായ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തി എന്ന കള്ളക്കഥ നാം കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഓണത്തെ സംബന്ധിച്ചുള്ള കഥകളിൽ നാം സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന ഈ കള്ളക്കഥയുടെ യാഥാർഥ്യം വെളിപ്പെടുത്തേണ്ടതുണ്ട്. ആരെങ്കിലും ദുരുദ്ദേശത്തോടെ എഴുതി പ്രചരിപ്പിക്കുന്ന കള്ളക്കഥകളല്ല വിശ്വാസത്തിനു നിദാനമാകേണ്ടത്. വേദേതിഹാസപുരാണോപനിഷത്തുക്കളും ശ്രുതികളും സ്മൃതികളും ബ്രാഹ്മണാരണ്യകങ്ങളും അങ്ങിനെയങ്ങിനെ പ്രമാണകൃതികളുടെ ഒരു സഞ്ചയം തന്നെ ആർഷഭാരത സംസ്കാരത്തിലുണ്ട്. പൗരാണിക വിശ്വാസനദിയുടെ പ്രവാഹത്തിലെവിടെയെങ്കിലും വ്യക്തത വേണമെങ്കിൽ ഇതിലേതെങ്കിലും പ്രാമാണിക ഗ്രന്ഥത്തിനെ അടിസ്ഥാനമാക്കി അതിലെ പരാമർശങ്ങൾ എടുക്കുകയാണ് വേണ്ടത്. പ്രാമാണികമല്ലാത്ത കഥകൾ ആരുടെയെങ്കിലും വികലഭാവനയിൽ വിരിഞ്ഞതാകും എന്നത് ഉറപ്പാണ്.
പത്തോളം പുരാണങ്ങളിൽ വാമന – മഹാബലി കഥ വരുന്നുണ്ട്. അതുകൂടാതെ ഇതിഹാസമായ മഹാഭാരതത്തിലും അത് വരുന്നുണ്ട്. മലയാളത്തിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ട എല്ലാവർക്കും അറിയാവുന്ന ശ്രീ ഭാഗവതം കിളിപ്പാട്ടിലും ആ കഥ വരുന്നുണ്ട്. ഈ പുരാണങ്ങളിലും ഇതിഹാസത്തിലും എവിടെയും മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തി എന്ന് പറഞ്ഞിട്ടില്ല.മറിച്ചു ത്രിവിക്രമനായ വാമനമൂർത്തിയോടുള്ള ഭക്തിഭാവത്തിൽ വിധേയനായി നിൽക്കുന്ന മഹാബലി ചക്രവർത്തിയെ സ്നേഹാദരവുകളോടെ മറ്റൊരു ലോകത്തേക്ക് ഉയർത്തി സ്ഥാനമാനങ്ങളും നൽകി പറഞ്ഞയക്കുന്ന കഥയാണ് ഭാരതീയ പുരാണങ്ങളിൽ ഉള്ളത്. അതും കേവലം മഹാബലിയെ മാത്രമല്ല അദ്ദേഹത്തിൻെറ പരിവാരത്തെയും അങ്ങോട്ട് അയക്കുന്നതായി വ്യക്തമായി പറയുന്നു. വെറും സൂചനയല്ല,അങ്ങേയറ്റത്തെ വ്യക്തതതന്നെയുണ്ട്.
വാമനമൂർത്തിയെ സംബന്ധിച്ച പുരാണമാണ് വാമന പുരാണം.18 മഹാപുരാണങ്ങളിൽ പതിനാലാമത്തെ പുരാണമാണിത് .
“സുതലം നാമ പാതാള മധസ്താദ് വസുധാതലദ്
ബലേർദത്തം ഭഗവതാ വിഷ്ണുനാ പ്രഭ വിഷ്ണുനാ” .
വാമനപുരാണം എന്ന പുരാണത്തിൽ സുതലം എന്ന പാതാളത്തിലേക്ക് പറഞ്ഞയച്ചു എന്നാണ് പറയുന്നത്.അങ്ങിനെ പറഞ്ഞയക്കാൻ മഹാവിഷ്ണു ഭഗവാൻ സ്വയം തന്നെ ആ സ്ഥാനം അദ്ദേഹത്തിന് കൽപ്പിച്ചു കൊടുത്തു എന്നാണ് പറയപ്പെടുന്നത്.
അത് പോലെ ഭാഗവത പുരാണത്തിൽ എട്ടാമത്തെ സ്കന്ധത്തിൽ വാമന അവതാരം വരുന്ന ആ കഥയുടെ ഭാഗത്ത്
“ ഇത്യുക്ത്വാ ഹരിമാന്മ്യ ബ്രഹ്മാണം സംഭവം തതഃ
വിവേശ സുതലം പ്രീതോ ബലിർ മുക്ത: സഹാസുരൈ: .
അപ്പോൾ ബലി അവിടെ ഭഗവാനെയും ബ്രഹ്മാവിനെയും നമസ്‌കരിച്ചു സുതലത്തിലേക്ക് പോയി. “പ്രീത: ബലിർ മുക്ത: സഹാസുരൈ”: തന്റെ സഹ അസുരന്മാരോടൊപ്പം തന്നെ ബലി പ്രീതനായിട്ട് സുതലത്തിലേക്ക് പ്രവേശിച്ചു എന്നാണ് അവിടെ പറയുന്നത്.
പത്മ പുരാണത്തിൽ
“തതോ നാരായണഃ ശ്രീമാൻ ബലിം ദൈത്യ പതിം പ്രഭുഃ
രസാ തലം ശുഭം ലോകം പ്രദദൗ ഭക്തവത്സല:”
ഭഗവാൻ നാരായണൻ ദൈത്യപതിയായ(രാക്ഷസരാജാവായ ) ബലിക്ക് രസാതലമാകുന്ന ശുഭലോകം കൽപ്പിച്ചു അവിടേക്ക് പറഞ്ഞയച്ചു. താൻ ഭക്തവത്സലനായ ഭഗവാൻെറ ഭക്തനാണെന്ന് സ്വയം തന്നെ മഹാബലി പറയുന്നുണ്ട്.
സ്‌കന്ദ പുരാണത്തിൽ നോക്കിയാൽ
തതച്ഛ്രുത്വ വചനം തസ്യ വിഷ്ണോരതുല ചേതസഃ
ജഗാമ സുതലം ദൈത്യോ ഹ്യസുരൈ: പരിവാരിത:
ഭഗവാൻ വിഷ്ണുവിൻെറ ആജ്ഞയനുസരിച്ച് അസുരപരിവാരങ്ങളോട് കൂടി മഹാബലി സ്വയം തന്നെ അവിടേക്ക് (സുതലത്തിലേക്ക് )യാത്ര ചെയ്‌തു എന്നാണ്.
നമ്മുടെ ഭാഷാ പിതാവായ എഴുത്തച്ഛൻ മലയാളത്തിൽ രചിച്ച കൃതികളാണ് മഹാഭാരതം കിളിപ്പാട്ടും, ഭാഗവതം കിളിപ്പാട്ടും. എഴുത്തച്ഛൻ ഈ പുരാണങ്ങളിൽ നിന്നുള്ള കഥകളെയെല്ലാം ക്രോഡീകരിച്ചാണ് പറഞ്ഞിരിക്കുന്നത്. ഭാഗവതം മുഖ്യമായി എടുത്ത് അതോടൊപ്പം മറ്റു കഥകളിൽ ഉള്ള പ്രധാന അംശങ്ങളും എടുത്തു ചേർക്കാനുള്ള സ്വാതന്ത്ര്യം എഴുത്തച്ഛൻ എടുത്തിട്ടുണ്ട്. പുരാണകാലങ്ങളിൽ നിന്നും എത്രയോ ശേഷം ആണ് എഴുത്തച്ഛന്റെ കൃതി ഉണ്ടായത് എന്ന് നമുക്കു അറിയാം. ആ കൃതിയിൽ പോലും ഇങ്ങനെ ഒരു സൂചനയേ ഇല്ല. വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്‌ത്തി എന്നോ അല്ലെങ്കിൽ അങ്ങിനെ ഒരു അക്രാമകമായ രീതിയിൽ പ്രവർത്തിച്ചുവെന്നോ ഭാഗവതം കിളിപ്പാട്ടിൽ എവിടെയും സൂചിപ്പിക്കുന്നേ ഇല്ല . അങ്ങിനെ അക്കാലത്തു എന്തെങ്കിലും കഥകൾ ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായിട്ടും എഴുത്തച്ഛൻ അത് സൂചിപ്പിച്ചേനെ . ആ കിളിപ്പാട്ടിൽ എഴുത്തച്ഛൻ പറയുന്നത് നോക്കിയാൽ
“ കേവലമിനി മമ ലോകം പ്രാപിക്കുമിവൻ
സാവർണ്ണ മനു വിങ്കലിന്ദ്രനാകയും ചെയ്യും
അത്ര കാലവും സുതലത്തിങ്കലിരിക്കാ പോ
യത്യന്തം മമ പദ ഭക്തിപൂണ്ടനുദിനം .
തൽക്ഷണം പ്രദക്ഷിണം ചെയ്‌തുടൻ നമസ്ക്കരി
ച്ചുൾക്കനിവയന്നതി ഭക്തനാം പ്രഹ്ളാദനും
ചെന്നവർ മുകുന്ദ പാദാബ്‌ജവും ധ്യാനിച്ചു കൊ
ണ്ടന്യഹം സുതലത്തിൽ വാണാരങ്ങിരുവരും”.
എന്നാണ് വരികൾ പോകുന്നത്. അവിടെ വിസ്തരിച്ച വർണ്ണനയുണ്ട്. ഇതിലൊന്നും അവിടെ ചവിട്ടിത്താഴ്‌ത്തി എന്ന് പറഞ്ഞിട്ടില്ല. മറിച്ചു അവർ വളരെ സ്നേഹത്തോടെ ഭഗവാനോടുള്ള ആദരവോടു കൂടി മഹാബലിയോടും, പ്രഹ്ളാദനോടും കൂടി അങ്ങോട്ട് പോയി എന്നാണ് പറയുന്നത്. “ചെന്നവർ മുകുന്ദ പാദാബ്‌ജവും ധ്യാനിച്ചു കൊണ്ടന്യഹം” സുതലത്തിൽ വാണു എന്നാണ് പറയുന്നത്. ഭഗവാൻ സാവർണ്ണി മനുവിൻെറ കാലത്തു മഹാബലിക്ക് ഇന്ദ്രപദം ലഭിക്കുമെന്ന അനുഗ്രഹവും അവിടെ കൊടുക്കുന്നു.
മഹാബലിയെ മറ്റൊരു ലോകത്തേക്ക് പറഞ്ഞയച്ചു എന്ന് കേൾക്കുമ്പോൾ അതിന്റെ ഉൾക്കാമ്പ് മനസ്സിലാകണമെങ്കിൽ ഹൈന്ദവ തത്വ ശാസത്രങ്ങളിലെ ചില ആശയങ്ങളിൽ വ്യക്തമായ ബോധ്യം ഉണ്ടാകണം. ഹൈന്ദവവിശ്വാസമനുസരിച്ച് ലോകങ്ങൾ പതിനാലാണ്. “ഈരേഴു പതിനാലു ലോകങ്ങൾ” എന്നാണ് പറയുന്നത്.ഭൂലോകം തൊട്ട് മുകളിലേക്ക് ഏഴു ലോകങ്ങളും താഴേക്ക് ഏഴു ലോകങ്ങളും ഉള്ളതായി വിഷ്ണുപുരാണത്തിൽ പറയുന്നു.പതിനാല് ലോകങ്ങളിൽ പലതിനെക്കുറിച്ചും പല പുരാണങ്ങളിലും പരാമർശമുണ്ട്. “ഭൂലോകം, ഭുവർ ലോകം, സുവർ ലോകം, മഹർലോകം, ജനർലോകം, തപോലോകം, സത്യലോകം” എന്നിവയാണ് ഭൂലോകം തൊട്ട് മുകളിലേക്കുള്ളവ.ഭൂമിക്ക് താഴേക്ക് പോയാൽ കാണുന്നവ “പാതാളം, രസാതലം, മഹാതലം, തലാതലം,സുതലം, വിതലം , അതലം” എന്നിവയാണ്. ഇവയിൽ ഓരോ ലോകത്തിനും അതിന്റെതായ പ്രാധാന്യമുണ്ട്. ഈരേഴ് പതിനാല് ലോകങ്ങളും ആയിരം ഫണങ്ങളുള്ള ആദിശേഷൻ തന്റെ ഫണത്തിൽ വഹിക്കുന്നു. മഹാബലിയെ അതിലെ ഭൂലോകത്ത് നിന്ന് സുതലത്തിലേക്ക് അനുഗ്രഹാശിസ്സുകളോടെ അയക്കുകയാണ് ഭഗവാൻ ചെയ്തത്.
അടുത്തതായി അറിയേണ്ടത് ഹൈന്ദവസങ്കല്പങ്ങളിലെ കാലഗണനയാണ്. മഹാബലിയെ സുതലത്തിലേക്ക് അയച്ച ഭഗവാൻ അദ്ദേഹത്തിനെ സവർണ്ണി മന്വന്തരത്തിൽ ഇന്ദ്ര പദവിയും വാഗ്‌ദാനം ചെയ്തിരുന്നു. പല സാഹചര്യങ്ങളിലും നാം “മന്വന്തരം, കല്പം, യുഗം” എന്നൊക്കെ കേട്ടിട്ടുണ്ടാകും. ഇതേപ്പറ്റി മനസിലാക്കണമെങ്കില്‍ പുരാണേതിഹാസങ്ങളിലെ കാലഗണനയെപ്പറ്റി മൊത്തമായി അറിഞ്ഞിരിക്കണം.
ഏറ്റവും വലിയ കാലം കൽപ്പമാണ് ( കൽപ്പാന്തകാലത്തോളം എന്ന ഗാനം ഓർക്കുക).ബ്രഹ്‌മാവിന്റെ ഒരു ദിവസമാണ് കല്പം. ഒരിക്കല്‍ സൃഷ്ടിക്കപ്പെട്ടാല്‍ പ്രപഞ്ചം 432 കോടി വര്‍ഷങ്ങള്‍ നിലനില്‍ക്കും എന്നാണ് കണക്ക്. ഈ കാലയളവിനാണ് കല്പം എന്ന് പറയുന്നത്. ഇതിനുശേഷം നൈമിത്തിക പ്രളയം. ഒരു കല്പത്തിനുള്ളില്‍ 14 മന്വന്തരങ്ങളാണുള്ളത്. ഓരോ മന്വന്തരത്തിനും ഓരോ മനുക്കൾ അധിപന്മാരായിട്ടുണ്ട്. നാല് യുഗങ്ങൾ അഥവാ ചതുർയുഗങ്ങൾ എന്നത് നാം കേട്ടിട്ടുണ്ട്. കൃതയുഗം – ത്രേതായുഗം – ദ്വാപരയുഗം – കലിയുഗം ഇവ നാലും ചേര്‍ന്നതാണ് ഒരു ചതുർയുഗം.71 ചതുർയുഗങ്ങൾ അല്ലെങ്കില്‍ മഹായുഗങ്ങള്‍ ചേര്‍ന്നതാണ് ഒരു മന്വന്തരം. ഇതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.
ഇപ്പോഴത്തെ കല്പത്തിന്‍റെ പേര് ശ്വേതവരാഹകല്പം. ഇതില്‍ ഏഴാമത് മന്വന്തരമായ വൈവസ്വതമന്വന്തരത്തിലെ ഇരുപത്തിയെട്ടാമത്തെ ചതുർയുഗമാണിപ്പോള്‍. നമ്മളിപ്പോള്‍ അതിലെ കലിയുഗത്തിലാണ്. ഇതാരംഭിച്ച വര്‍ഷം 3102 BC. കലിയുഗത്തിന്‍റെ അവസാനം 4,28,899 AD യില്‍.
ഓരോ മന്വന്തരത്തിലും ഏഴ് ഋഷിമാരും ചില ദേവതകളും ഒരു ഇന്ദ്രനും , ഒരു മനുവും സൃഷ്ടിക്കപ്പെടുന്നു. അങ്ങിനെയുള്ള “സാവർണ്ണി മന്വന്തരത്തിലെ ഇന്ദ്രനാണ് കശ്യപ പ്രജാപതിയുടെ വംശത്തിൽ പരമഭക്തനായ പ്രഹ്ലാദന്റെ പൗത്രനായിട്ട് പിറന്ന ഇന്ദ്രസേനൻ എന്ന മഹാബലി”.
അതായത് കൃത്യമായ അനുഗ്രഹാശിസ്സുകളോടെ മഹാബലിയെ ത്രിവിക്രമനായ ഭഗവാൻ വാമനൻ പാദദീക്ഷ (ഗുരുവിന്റെ പാദം ആണ് ഒരു മനുഷ്യന്റെ അഹങ്കാരത്തിന്റെ നാശസ്ഥാനം) നൽകി ഭൂലോകത്തു നിന്നും സുതലം എന്ന ലോകത്തേക്ക് അയക്കുകയാണ് ചെയ്തത്.അല്ലാതെ ചവിട്ടിത്താഴ്‌ത്തുകയായിരുന്നില്ല. (മഹാബലി സുതലത്തിലേക്കാണ് പോയത് (പാതാളത്തിലേക്കല്ല). ആ ആശയത്തിന് വ്യക്തത വരണമെങ്കിൽ ഹൈന്ദവ കാലഗണനയും ലോകസങ്കല്പവും മനസ്സിലാക്കണം എന്ന് മാത്രം.
ഇതാണ് പുരാണങ്ങൾ പറയുന്ന മഹാബലി – വാമനകഥ. വസ്തുതകൾ ഇങ്ങിനെയാണെന്നിരിക്കെ,ഇതിനെ വളച്ചൊടിച്ചു അതിൽ വിദ്വേഷം കൂട്ടിക്കലർത്തി, കേൾക്കുമ്പോൾ ഒരു ദുഃഖഭാവമുണ്ടാക്കുന്ന രീതിയിൽ നിർമ്മിച്ച കഥകളാണ് നാം കേട്ടിരിക്കുന്നത്.ഏതൊക്കെയോ ആൾക്കാർ ദുരുദ്ദേശത്തോടെ എഴുതി ചേർത്ത കഥകളാണ് നമ്മുടെ കുട്ടികൾ പോലും പഠിക്കുന്നത്. തീർച്ചയായും ഈ ദുരവസ്ഥക്ക് മാറ്റം വരണം. പുരാണങ്ങളിലില്ലാത്ത കഥ പുരാണങ്ങളുടേതായിട്ട് പറയപ്പെടാൻ പാടില്ല. ഈ ഓണക്കാലം അത്തരം ശരിയായ ഓർമ്മകളെ ഉണർത്താനുള്ളതാവട്ടെ. എല്ലാവരിലും സാഹോദര്യവും സാമ്യതയും സമാന ഭാവവും കൊണ്ട് വരുന്ന ആ സുന്ദരമായ ഓണത്തെ അങ്ങിനെ തന്നെ നമുക്ക് അംഗീകരിക്കാം.
സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥ
(ആചാര്യൻ – ആദിശങ്കര ബ്രഹ്‌മവിദ്യാപീഠ്, ഉത്തരകാശി )
Phone :95483 83329
(സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥ കുട്ടി സ്വാമി എന്നാണ് പരക്കെ അറിയപ്പെടുന്നത്. അദ്ദേഹം തന്റെ പതിനാറാമത്തെ വയസ്സിൽ സന്യാസം സ്വീകരിച്ച് ഹിമാലയത്തിൽ എത്തി. ഇപ്പോൾ ഉത്തരകാശി ആദിശങ്കര ബ്രഹ്‌മവിദ്യാപീഠത്തിന്റെ മുഖ്യ ആചാര്യൻ)
Comments