ആലപ്പുഴ: തനിച്ചല്ല ഇനി താങ്ങായും തണലായും ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകി രവി പൊന്നമ്മയുടെ കഴുത്തിൽ താലി ചാർത്തി. പൂഞ്ഞിലിക്കാവ് കാവുങ്കൽ ദേവിക്ഷേത്ര സന്നിധിയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇവിടെ വെച്ച് എഴുപത്തി രണ്ടുകാരൻ രവിയുടെ കൈപിടിച്ച് അറുപത്തിരണ്ടുകാരി പൊന്നമ്മ പുതിയ ജീവിതത്തിലേക്ക് കടന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.
മുഹമ്മ സ്വദേശിയായ എൻ കെ രവന്ദ്രന്റെ മകനും മകളും സഹോദരിയും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ ഉണ്ടായിരുന്നത്. കഞ്ഞിക്കുഴി സ്വദേശിയായ പൊന്നമ്മയുടെയും അടുത്ത ബന്ധുക്കളും കൂട്ടുകാരികളുമാണ് വിവാഹ ദിനത്തിൽ ഒപ്പമെത്തിയത്. ക്ഷേത്ര നടയിൽ വെച്ച് രവീന്ദ്രൻ പൊന്നമ്മയുടെ കഴുത്തിൽ താലി ചാർത്തുകയും ഇരുവരും തുളസിമാല ഇടുകയും ചെയ്തു. ശേഷം ക്ഷേത്രത്തിലെ റജിസ്റ്ററിൽ ഒപ്പുവെച്ചതോടെ ചടങ്ങുകൾ പൂർത്തിയായി.ഇതിന് ശേഷം സദ്യയും കഴിച്ചാണ് എല്ലാവരും മടങ്ങിയത്.
ഏഴ് വർഷങ്ങൾക്ക് മുമ്പാണ് രവീന്ദ്രന്റെ ഭാര്യ മരിച്ചത്. ഇതിന് ശേഷം ചെറിയ ബിസിനസുകളുമായി മുന്നോട്ടുള്ള ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. പൊന്നമ്മയുടെ ഭർത്താവ് മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. ഭർത്താവിന്റെ മരണശേഷം ലോട്ടറി കച്ചവടം നടത്തിയായിരുന്നു പൊന്നമ്മയുടെ ജീവിതം. പ്ലംബിംഗ് ജോലിയുടെ ഭാഗമായി രവീന്ദ്രന്റെ മകൻ രാജേഷ് പൊന്നമ്മയുടെ വീട്ടിൽ എത്തിയപ്പോഴായിരുന്നു ദുരിതാവസ്ഥ മനസിലാകുന്നത്. പിന്നാലെ മകൻ വിവാഹത്തെക്കുറിച്ചുള്ള ആലോചന മുന്നോട്ട് വെയ്‌ക്കുകയായിരുന്നു. പിന്നാലെ രാജേഷിന്റെ ഭാര്യയും സഹോദരിയും പൊന്നമ്മയുടെ വീട്ടിലെത്തി വിവാഹം ഉറപ്പിച്ചു.
















Comments