തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്തെ എട്ട് ജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലാണ് ഇന്നും നാളെയും ചൂട് കൂടുന്നത്. മൺസൂൺ കാലം അവസാനിക്കുന്നതോടെ സംസ്ഥാനത്ത് മഴയുടെ അളവിലും ഗണ്യമായ കുറവാണ് അനുഭപ്പെട്ടിരിക്കുന്നത്.
ഇന്നും നാളെയും സാധാരണ താപനിലയിൽ നിന്ന് മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യതയുണ്ട്. കൊല്ലം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കും. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ജൂലൈ ആദ്യവാരം ലഭിച്ച മഴയൊഴിച്ചാൽ ഓഗസ്റ്റിൽ ഇതുവരെയും കാര്യമായ മഴ സംസ്ഥാനത്ത് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് താപനില ഉയർന്നത്. കേരളത്തിലെ മിക്ക നദികളിലേയും ഡാമുകളിലേയും ജലനിരപ്പ് സാധരണയിൽ അധികമായി താഴുന്നതായി കേന്ദ്ര ജലകമ്മീഷൻ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം പമ്പാനദിയിൽ സ്ഥാപിച്ച ജലമാപിനിയിൽ ജലനിരപ്പ് പൂജ്യം സെന്റീമിറ്ററിനും താഴെ രേഖപ്പെടുത്തിയിരുന്നു. അതോടൊപ്പം ഇടുക്കി ഡാമിലെ ജലനിരപ്പിലും കുറവ് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ വൈദ്യുതി ഉല്പാദനത്തിലും പ്രതിസന്ധി രൂക്ഷമാണ്.
















Comments