ഭോപ്പാൽ: ഒമ്പത് വർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുെട നേതൃത്വത്തിൽ കൈവരിച്ച നേട്ടങ്ങളൊന്നും 60 വർഷം നീണ്ട് കോൺഗ്രസ് ഭരണ കാലത്ത് രാജ്യത്ത് ഉണ്ടായില്ലെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ. വർഷങ്ങളായി നിലനിന്നിരുന്ന കുടുംബാധിപത്യത്തിന്റെയും പ്രീണനത്തിന്റെയും പിടിയിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ചു. വികസനത്തിന്റെ പാതയിലേക്ക് ഇന്ത്യയെ പ്രധാനമന്ത്രി നയിച്ചുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിനെ അടിസ്ഥാനമാക്കി രചിച്ച സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്’ എന്ന് പുസ്തകത്തിന്റെ പ്രകാശനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
’60 വർഷം കൊണ്ട് സംഭവിക്കാത്തത് വെറും ഒമ്പത് വർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നേടിയെടുത്തു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ബഹിരാകാശ പേടകം ഇറക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യമാണ് നമ്മുടേത്. ഇത് നമുക്ക് അഭിമാനകരമായ നിമിഷമാണ്. കഴിഞ്ഞ 75 വർഷത്തെ രാജ്യത്തിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കിയാൽ കുടുംബാധിപത്യത്തിലും പ്രീണന രാഷ്‌ട്രീയത്തിലും ഇന്ത്യ അകപ്പെട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രി രാജ്യത്തെ അതിൽ നിന്ന് പുറത്തെടുത്ത് വികസന പാതയിലേക്ക് നയിച്ചു’ കേന്ദ്രമന്ത്രി വ്യക്തമാക്കി.
‘ഇന്ന് രാജ്യത്ത് നാല് കോടി ജനങ്ങൾക്ക് വീടുകൾ ലഭിച്ചു. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിയിട്ടുണ്ട്. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയിരിക്കുകയാണ്. ഡിജിറ്റൽ ഇടപാടുകൾ 46 ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്. ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഡാറ്റ ലഭിക്കുന്നത് ഇന്ത്യയിലാണ്. ഭാവിയിൽ രാജ്യം 6 ജി എന്ന ലക്ഷ്യം കൈവരിക്കാൻ പദ്ധതിയിടുകയാണ്’അദ്ദേഹം പറഞ്ഞു.
Comments