തൃശൂർ: തൃശൂരിലെ സാംസ്‌കാരിക തനിമയായ പുലിക്കളിക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര സംസ്‌കാരിക വകുപ്പാണ് ഓരോ പുലിക്കളി സംഘത്തിനും 1 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചത്.
സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചിട്ടും നൽകാത്തതിൽ പ്രതിഷേധിച്ച് തൃശൂർ നഗരത്തിൽ പുലികൾ പ്രതിഷേധവുമായി എത്തിയിരുന്നു. കഴിഞ്ഞ വർഷം ടൂറിസം വകുപ്പ് പ്രഖ്യാപിച്ച സഹായധനം ഇതുവരെ കലാകാരന്മാർക്ക് ലഭിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് വാദ്യഘോഷത്തിന്റെ അകമ്പടിയോടെ പ്രതിഷേധം സംഘടിപ്പിച്ചത്.
വിദേശികളടക്കം കാണാനെത്തുന്ന പുലിക്കളി നിലനിർത്താൻ സർക്കാർ സഹായം ലഭിക്കുന്നില്ലെന്നാണ് ശക്തൻ പുലികളി സംഘത്തിന്റെ പരാതി. 15-ഓളം പുലിക്കളി സംഘങ്ങളുണ്ടായിരുന്നത് സാമ്പത്തിക ബാധ്യത മൂലം ഇപ്പോൾ അഞ്ചെണ്ണമായി ചുരുങ്ങി. വലിയ സാമ്പത്തിക ബാധ്യത വന്നതോടെയാണ് പുലിക്കളി സംഘങ്ങൾ പിൻമാറിയത്. ഈ സാഹചര്യത്തിൽ, നൽകാമെന്ന് സർക്കാർ ഉറപ്പുനൽകിയ സഹായം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് ശക്തൻ പുലിക്കളി സംഘം ജില്ലാ ടൂറിസം സെക്രട്ടറിക്ക് നിവേദനം നൽകി.
കോർപ്പറേഷനിലെത്തിയ സംഘം മേയറെയും മറ്റ് ജനപ്രതിനിധികളെയും കണ്ടു. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പുലിക്കളിയുടെ അണിയറ പ്രവർത്തനങ്ങൾ മനസിലാക്കായി ശക്തൻ പുലികളി സംഘത്തിന്റെ നേതൃത്വത്തിൽ മെയ്യെഴുത്തും സംഘടിപ്പിച്ചു.
















Comments