തിരുവനന്തപുരം: ചന്ദ്രയാൻ 3 യുടെ വിജയശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ ഐഎസ്ആർഒ ചെയർമാനും സഹപ്രവർത്തകർക്കും വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണം. എൽപിഎസ്‌സി ഡയറക്ടർ- ഡോ. നാരായണൻ, വിഎസ്എസ്‌സി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ തുടങ്ങിയവരാണ് ഇസ്രോ ചെയർമാൻ എസ്. സോമനാഥിനൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. നൽകിയ സ്വീകരണത്തിനും പിന്തുണയ്‌ക്കും നന്ദി പറയുന്നതായി ഇസ്രോ ചെയർമാൻ പ്രതികരിച്ചു.
ഇത് അഭിമാനകരമായ നിമിഷമാണ്. നൂറ് ശതമാനം വിജയകരമായ ദൗത്യമായിരുന്നു ഇത്. രാജ്യം മുഴുവനും അതിൽ അഭിമാനിക്കുന്നു. ചന്ദ്രയാൻ 3 ചന്ദ്രനിൽ ലാൻഡ് ചെയ്ത ആഗസ്റ്റ് 23 ഇനി മുതൽ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കും. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പര്യവേക്ഷണം നടത്താൻ ഇന്ത്യയ്‌ക്ക് കഴിവുണ്ട്. അതിനായി പ്രധാനമന്ത്രി നൽകിയ ലക്ഷ്യം നമുക്ക് മുന്നിലുണ്ട്. അത് സാക്ഷാത്കരിക്കാൻ ശ്രമിക്കുമെന്നും സോമനാഥ് പറഞ്ഞു.
പ്രധാനമന്ത്രി കൺട്രോൾ സ്‌റ്റേഷനിൽ എത്തി ഓരോരുത്തരോടും നന്ദി പറഞ്ഞു. ചന്ദ്രയാൻ 3 ലാൻഡ് ചെയ്ത പോയിന്റിന് ശിവശക്തി എന്ന് പേര് നൽകി. അദ്ദേഹത്തിന് ഇന്ത്യൻ ബഹിരാകാശ രംഗത്തെ കുറിച്ച് ദീർഘവീക്ഷണമുണ്ട്. അത് നടപ്പിലാക്കുക എന്നതാണ് ഇനി രാജ്യത്തിന്റെയും ഐഎസ്ആർഒയുടെയും ലക്ഷ്യം. ഇസ്രോ ചെയർമാൻ കൂട്ടിച്ചേർത്തു.
ഗ്രീസ് സന്ദർശനത്തിന് ശേഷം ഇന്ത്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നേരെ എത്തിയത് ബെംഗളുരുവിലെ ഇസ്രോ കൺട്രോൾ സ്‌റ്റേഷനിലേക്കാണ്. അദ്ദേഹം ചന്ദ്രയാൻ 3 ന്റെ ഭാഗമായവരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വിക്രം ലാൻഡർ സോഫ്റ്റ് ലാൻ്ഡ് ചെയ്ത പ്രദേശത്തിന് അദ്ദേഹം ശിവശക്തി പോയിന്റ് എന്ന് പേരുനൽകി. ഇനിമുതൽ എല്ലാവർഷവും ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
Comments