പാലക്കാട്: രാജ്യത്തിന്റെ അഭിമാനദൗത്യം ചന്ദ്രയാൻ-3യുടെ വിജയാഘോഷങ്ങളിൽ പൂക്കളമൊരുക്കി ഫെഡറൽ ബാങ്ക് ഒലവക്കോട് ശാഖ അംഗങ്ങൾ. ചന്ദ്രയാന്റെ മാതൃക പൂക്കളത്തിന് ഒത്ത നടുക്കായാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് മുന്നിലായി വെള്ള ജമന്തി ചീരയില എന്നിവ ഉപയോഗിച്ച് കളം തീർത്ത ക്യുആർ കോഡ്. ഈ ക്യൂആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ തുറന്ന് വരുന്നത് ഐഎസ്ആർഒയുടെ വെബ്‌സൈറ്റാണ്.
ഓണവും ചന്ദ്രയാൻ-3യുടെ വിജയവും ഒരുമിച്ച് ആഘോഷിക്കാമെന്ന് ബ്രാഞ്ച് മാനേജർ വി മഹേഷിന്റെ ആശയം ഒമ്പത് സഹപ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു. ഇതിന് ശേഷം 13 മണിക്കൂർ നീണ്ട അധ്വാനത്തിനൊടുവിലാണ് പൂക്കളം പൂർണമായത്. അരിപ്പൊടിയിലും ചായത്തിലുമെല്ലാം ക്യൂആർ കോഡ് തീർത്തവർ മുമ്പുണ്ടായിട്ടുണ്ടെങ്കിലും പൂക്കളാൽ തന്നെയുള്ള ഒരുക്കം ഇതാദ്യമായിരുന്നു. ഈ വെല്ലുവിളി മാനേജർ തന്നെ ഏറ്റെടുത്ത് പൂർത്തിയാക്കുകയായിരുന്നു. ഗ്രിഡുകൾ വരച്ചും തെറ്റുന്നത് മായ്ച്ചും ഇടയ്‌ക്കിടെ ഫോണിൽ സ്‌കാൻ ചെയ്തും തലേന്ന് വൈകിട്ട് നാല് മണിക്ക് ആരംഭിച്ച ഡിജിറ്റൽ പൂക്കളം പൂർണമായപ്പോൾ പുലർച്ചെ അഞ്ച് മണിയായി.
ചന്ദ്രയാൻ-3 ഇന്ത്യയുടെ ശാസ്ത്രക്കുതിപ്പാണെന്നും പൂക്കൾ ഉപയോഗിച്ചു തന്നെ ഐഎസ്ആർഒയുടെ ക്യൂആർകോഡ് നിർമിക്കുന്നതാണ് നല്ലതെന്ന് തോന്നിയെന്നും ബ്രാഞ്ച് മാനേജർ മഹേഷ് പറഞ്ഞു. ശബരീഷ്, ഹരി, സൂരജ്, വിഷ്ണു, ശിവ, ശ്രീജിത്ത്, അജിത്ത്, ശബരി,വൈശാഖ് എന്നിവരാണ് അത്തപ്പൂക്കളം ഒരുക്കുന്നതിന് ഒപ്പമുണ്ടായിരുന്നവർ.
Comments