ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ടോക്കിയോ ഒളിമ്പിക്‌സ് ചാമ്പ്യൻ നീരജ് ചോപ്ര ഇന്നിറങ്ങും. ഹംഗറിയിൽ രാത്രി 11.45നാണ് ജാവലിൻ ത്രോ ഫൈനൽ. ഇന്ത്യയുടെ സുവർണ താരം തന്റെ ആദ്യ ശ്രമത്തിൽ തന്നെ 88.77 മീറ്റർ താണ്ടിയാണ് കലാശ പോരിന് യോഗ്യത നേടിയത്. സീസണിലെ മികച്ച ത്രോയും ഇതുതന്നെയായിരുന്നു. മനു ഡിപിയും കിഷോർ ജെനയും ഇന്ത്യയ്‌ക്കായി ഫൈനലിൽ മത്സരിക്കുന്നുണ്ട്.
ഒളിമ്പിക്‌സ്, ഏഷ്യൻ ഗെയിംസ്,കോമൺവെൽത്ത്, ഡയമണ്ട് ലീഗ്, അണ്ടർ 20 ചാമ്പ്യൻ ഷിപ്പ് എന്നിവയിലെ സ്വർണമെഡൽ നേട്ടത്തിന് ശേഷം ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വീണ്ടുമെത്തുമ്പോൾ സ്വർണത്തിൽ കുറഞ്ഞതൊന്നും താരം ലക്ഷ്യമാക്കുന്നില്ല. 90 മീറ്ററെന്ന റെക്കോർഡ് ദൂരം മറികടക്കാനാകും എന്നാണ് താരത്തിന്റെ പ്രതീക്ഷ
കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിലാണ് താരത്തിന് സ്വർണം നഷ്ടമായത്.2003 വനിതാ വിഭാഗം ലോംഗ് ജമ്പിൽ അഞ്ജു ബോബി ജോർജ് നേടിയ വെങ്കലത്തിന് ശേഷം ഇന്ത്യയ്‌ക്ക് ലഭിക്കുന്ന രണ്ടാമത്തെ മെഡലായിരുന്നു നീരജ് ചോപ്ര കഴിഞ്ഞ വർഷം നേടിയ വെള്ളി. അതേസമയം കഴിഞ്ഞ വർഷത്തെ ജാവലിൻ ത്രോയിലെ സ്വർണ മെഡൽ ജേതാവ് ആൻഡേഴ്‌സൺ പിറ്റേഴ്‌സ് ഇത്തവണ ഫൈനലിന് യോഗ്യ നേടിയിട്ടില്ല.
















Comments