ന്യൂഡൽഹി: വികസ്വര രാജ്യങ്ങളിൽ ഒരു ചർച്ച ആവശ്യമായി വരുമ്പോഴെല്ലാം ഇന്ത്യയാണ് മുൻകൈ എടുക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഫിജി, മ്യാൻമർ മുതൽ മൊസാംബിക്, യെമൻ, തുർക്കി വരെയുള്ള രാജ്യങ്ങളിലെ ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും സംഘർഷ സാഹചര്യങ്ങളിലും എല്ലാം ആദ്യം പ്രതികരിച്ചത് ഇന്ത്യയാണ്. ബി 20 ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
100-ലധികം രാജ്യങ്ങളിലേക്ക് വാക്സിനുകൾ കയറ്റുമതി ചെയ്യുന്നതിലൂടെ കോവിഡ് -19 മഹാമാരിയുടെ സമയത്ത് ഇന്ത്യ ലോകത്തിന്റെ ഫാർമസിയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ‘വികസന പങ്കാളിത്തം’ ഗണ്യമായി വളർന്നു. ഇപ്പോൾ ലോകത്തുള്ള 78 രാജ്യങ്ങളിലേക്ക് അത് വ്യാപിച്ചു കഴിഞ്ഞു. 600-ൽ അധികം പദ്ധതികൾ ഇതിനോടകം നടപ്പിലാക്കി. ചിലത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് രാജ്യത്തിന്റെ കഴിവിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ആഗോളവികസനത്തിന്റെ കേന്ദ്രബിന്ദുവാണ് ഇന്ന് ഇന്ത്യ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജി20യുടെ ആഗോള ബിസിനസ് സമൂഹവുമായുള്ള ചർച്ചക്കായുള്ള ഫോറമാണ് ബിസിനസ് 20 (ബി20). ഓഗസ്റ്റ് 25-നാണ് ബി20 ത്രിദിന ഉച്ചകോടി ആരംഭിച്ചത്. ഉത്തരവാദിത്തവും വേഗതയുള്ള സുസ്ഥിര ബിസിനസ്സുകളും എന്ന വിഷയത്തിലാണ് ഇത്തവണത്തെ ചർച്ച. 55 രാജ്യങ്ങളിൽ നിന്നുള്ള 1,500-ലധികം പ്രതിനിധികളാണ് ഈ വർഷത്തെ പരിപാടിയിൽ പങ്കെടുത്തത്. അടുത്തമാസത്തോടെ ജി20 യോഗങ്ങൾ ആരംഭിക്കും. ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ വിവിധ രാഷ്‌ട്രീയ നേതാക്കന്മാർ പങ്കെടുക്കും.
Comments