രഞ്ജിത് ജി കാഞ്ഞിരത്തിൽ എഴുതുന്നു
കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തെ തങ്ങളുടെ ദേശനാമത്തോടു ചേർത്ത ഒരു സ്ഥലമുണ്ട്. ഓണാട്ടുകര എന്നറിയപ്പെടുന്ന ഓടനാട് . പഴയ നാട്ടുരാജ്യങ്ങളുടെ കണക്കു നോക്കിയാൽ അമ്പലപ്പുഴക്കും ദേശിംഗനാടിനും ഇടയിലുള്ള സ്ഥലം .ഇന്നത്തെ കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ, കരുനാഗപ്പള്ളി എന്നീ താലൂക്കുകളുടെ ഭാഗങ്ങൾ ചേർന്ന സ്ഥലം . കിഴക്ക് ഏതാണ്ട് തിരുവല്ല ആലുംതുരുത്തിയും, പടിഞ്ഞാറ് തോട്ടപ്പള്ളി സ്പിൽവേയും മുതൽ കരുനാഗപ്പള്ളിക്ക് തെക്ക് പള്ളിക്കലാറിന്റെ തെക്കേ കര -കന്നേറ്റി- വരെയുള്ള വരെയുള്ള മധ്യതിരുവിതാംകൂർ, അതാണ് ഓണാട്ടുകരയുടെ ഭൂമിശാസ്ത്രം .
ഓണാട്ടുകരയുടെ ആദ്യകാലനാമം ഓടനാട് എന്നായിരുന്നു .ഓടൽ വള്ളികൾ സമൃദ്ധമായി വളർന്നു നിന്നിരുന്നതുകൊണ്ടാണ് ഈ ദേശത്തിനു ഓടനാട് എന്ന പേര് ലഭിച്ചത് എന്ന് പൊതുവെ പറയപ്പെടുന്നുണ്ട് . ഓടൽ മുളകൾ നിറഞ്ഞ ദേശമായതു കൊണ്ട് ആ പേര് വന്നു എന്നും കഥയുണ്ട് . ചെറുതോടുകളും ജലാശയങ്ങളും പാടശേഖരങ്ങളും പുഞ്ചകളും നിറഞ്ഞ ഈ ഭൂവിഭാഗത്തിലെ കർഷകജനത യാത്രക്കായി വഞ്ചികൾ അഥവാ ഓടങ്ങൾ ധാരാളമായി ഉപയോഗിച്ചതു കൊണ്ടാണ് ഓടനാട് എന്ന പേര് വന്നത് എന്നും ഒരു പക്ഷഭേദമുണ്ട് . മഹാകവി കുഞ്ചൻ നമ്പ്യാർ കൃഷ്ണലീല എന്ന ശീതങ്കൻ തുള്ളലിൽ ഓണാട്ടുകരയെക്കുറിച്ചു പരാമർശിക്കുന്നുണ്ട് .
കണ്ടിയൂർ മഹാദേവ ക്ഷേത്രം
എന്തായാലും കണ്ടിയൂർ മറ്റം കേന്ദ്രമാക്കി നിലനിന്നിരുന്ന സമ്പദ് സമൃദ്ധമായ ഒരു നാട്ടു രാജ്യമായിരുന്നു ഇത് . കണ്ടിയൂർ മഹാദേവ ക്ഷേത്രം ആ നാടിന്റെ തിലകക്കുറിയായി പരിലസിച്ചിരുന്നു. പിൽക്കാലത്ത് ഭരണസിരാകേന്ദ്രം എരുവയിലേക്ക് മാറ്റിയപ്പോൾ ഓടനാടിന്റെ പേര് കായംകുളമെന്നായി. തിരുവിതാംകൂർ രാജ്യസ്ഥാപകനായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ കായംകുളം പിടിച്ചെടുക്കുന്നതു വരെ ആ ചെറിയ നാട്ടു രാജ്യം തങ്ങളുടെ സ്വതന്ത്ര അസ്തിത്വം കാത്തു സൂക്ഷിച്ചു..
ഓണാട്ടുകര എന്ന പേരുള്ള ഈ ദേശത്തിന്റെ ഓണാഘോഷങ്ങളും അത്യന്തം സവിശേഷതകൾ നിറഞ്ഞതാണ് . നാടിനെ ഒന്നാകെ ഓണമുട്ടിയ കരയാണ് ഓണാട്ടുകര എന്ന് പഴമക്കാർ പറയുന്നു .അക്ഷരാർത്ഥത്തിൽ കേരളത്തിന്റെ മൂന്നാം നെല്ലറയായിരുന്നു ഓണാട്ടുകര. പുഞ്ചപ്പാടങ്ങളും വലിയ പാട ശേഖരങ്ങളും നിറഞ്ഞ ഈ ഭൂവിഭാഗം പാലക്കാടിനും കുട്ടനാടിനും പിന്നാലെ കാർഷിക സമൃദ്ധി കൊണ്ട് തല ഉയർത്തി നിന്നിരുന്നു. അതുകൊണ്ടു തന്നെ കാർഷികഉത്സവമായ ഓണം ഓണാട്ടുകരയിലെ മണ്ണിനോടും മനുഷ്യനോടും ചേർന്ന് നിൽക്കുന്നു .

ഓരോ വർഷവും ഈ ദേശത്തിന്റെ കാർഷിക സംസ്കൃതിയുടെ തുടിപ്പുയരുന്നത് ഏവൂർ സംക്രമ വള്ളം കളിയിലൂടെയാണ് .ആലപ്പുഴ ജില്ലയിൽ ദേശീയപാതയോരത്ത് ഹരിപ്പാടിനും കായംകുളത്തിനും ഇടയിലുള്ള മഹാക്ഷേത്രമാണ് ഏവൂർ .അവസാനത്തെ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ കാലത്ത് ഏവൂർ ക്ഷേത്രത്തിന്റെ വമ്പിച്ച പുനർ നിര്മ്മാണം നടന്നതിന്റെ ഓർമ്മക്കായിട്ടാണ് കർക്കിടക സംക്രമവേളയിൽ ഏവൂർ ജലോത്സവം നടക്കുന്നത് . ഏവൂർ ക്ഷേത്രത്തിനു സമീപമുള്ള കരിപ്പുഴ പുഞ്ചയും മറ്റു പാട ശേഖരങ്ങളും ഈ രംഗത്തിനു സാക്ഷിയാകും .പിന്നെ അങ്ങോട്ട് ഒരു മാസം കർക്കിടകമാണ് . വറുതിയുടെ നാളുകൾ .കരിമേഘങ്ങളും പേമാരിയും ഒഴിഞ്ഞു മാനം തെളിഞ്ഞു ചിങ്ങം പിറക്കുമ്പോൾ ഓണമായി .
പായിപ്പാട് ജലോത്സവമാണ് ഓണാട്ടുകരയുടെ ഓണവിശേഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഏട്. പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം, അവിട്ടം, ചതയം ,ദിവസങ്ങളിലാണ് പായിപ്പാട് ജലോത്സവം നടക്കുന്നത്. പായിപ്പാട്ടെ കരക്കാർ തിരുവോണ ദിവസം രാവിലെ നെൽപ്പുരക്കടവിലെത്തി അവിടെ നിന്ന് വഞ്ചിപ്പാട്ടും പാടി വേലായുധസ്വാമിയെ ദർശിച്ചു കാഴ്ച ദ്രവ്യങ്ങൾ സമർപ്പിച്ചു വഴിപാടും കഴിച്ചു തിരികെ ആവേശത്തോടെ പോയാണ് തിരുവോണസദ്യ ഉണ്ണുന്നത് . രണ്ടാം ദിവസം അവിട്ടം ദിനത്തിൽ ജലഘോഷയാത്രയാണ്. മത്സര വള്ളം കളി മൂന്നാം ദിവസം ചതയത്തിനാണ്.പായിപ്പാട്ട് ആറ്റിൽ നടക്കുന്ന ഈ വള്ളം കളിയിൽ ആനാരി , കരുവാറ്റ ,ചെറുതന , ആയാപറമ്പ്, പായിപ്പാട്, കാരിച്ചാൽ, വള്ളംകുളങ്ങര, വീയപുരം എന്നീ കരകളുടെ ചുണ്ടൻ വള്ളങ്ങൾ മത്സരത്തിനിറങ്ങുന്നു . പടിഞ്ഞാറൻ ചിട്ടയിൽ വഞ്ചിപ്പാട്ടും പാടി അത്യധികം ആവേശത്തോടെ കരക്കാർ ഈ വള്ളം കളിയിൽ പങ്കെടുക്കുന്നു .

കേരളത്തിൽ മറ്റൊരിടത്തും കാണാത്ത ഉത്രാട വിളക്ക് ഓണാട്ടുകരയുടെ പ്രത്യേകതയാണ്.വാഴപ്പിണ്ടിയിൽ തെങ്ങോലയുടെ പനമ്പ് കൊണ്ട് തട്ടുണ്ടാക്കുന്നു .നാട്ടിൻ പുറങ്ങളിൽ കാണുന്ന “മരോട്ടി” എന്ന മരത്തിലുണ്ടാകുന്ന കായ മുറിച്ചു അതിന്റെ കാമ്പ് ചുരണ്ടിക്കളഞ്ഞു അതിനെ ഒരു ചെരാത് പോലെയാക്കും.ആ മരോട്ടി ചെരാതിൽ എണ്ണയൊഴിച്ചു ആദ്യം പറഞ്ഞ വാഴപ്പിണ്ടിയിൽ പനമ്പിന്റെ സഹായത്തോടെ ചേർത്തു വെക്കും . എന്നിട്ടു ഉത്രാടം മുതൽ ചതയം വരെ നാല് ദിവസവും വിളക്കുകൾ തെളിയിക്കും .പഴയ കാലത്ത്ഉത്രാട വിളക്ക് തെളിയിക്കുന്നതിനുള്ള സാമഗ്രികൾ സംഘടിപ്പിക്കുന്നത് പൂക്കളമിടാനുള്ള പൂക്കൾ തേടുന്നതുപോലെയോ ഉത്രാടപാച്ചിൽ പോലെയോ അതീവ രസകരമായ ഒരു പ്രവർത്തി ആയിരുന്നു .ഇന്ന് കാലം മാറിയപ്പോൾ റെഡി മേഡായി വിപണിയിൽ ചെരാതുകൾ ലഭ്യമായിട്ടുണ്ട്. എളുപ്പം ലഭിക്കുന്ന അത്തരം വസ്തുക്കളിലേക്കു ആളുകൾ മാറിയപ്പോൾ ഒരു കൂട്ടായ്മ കൂടി ഇല്ലാതായി എന്ന് പറയണം .
ഓണത്തിന് ഒറ്റ ചെണ്ടയുടെ അകമ്പടിയോടെ വരുന്ന ഓണാട്ടുകര കടുവ ആണ് മറ്റൊരാകർഷണം .അത്തം മുതൽ പത്ത് ദിവസം കടുവയും വേട്ടക്കാരനും നാട്ടിടവഴികളിലെ നിറസാന്നിധ്യമാണ് .ഓരോ വീടുകളും കയറി ഇറങ്ങി അവർ കടുവ കളി നടത്തുന്നു .ഓടി രക്ഷപെടാനുള്ള ത്വരയോടെ ഒരു കടുവ വേഷക്കാരൻ മുന്നിലും , കപ്പടാ മീശയും കാൽ ശരായിയും തോക്കുമായി ഒരു വേട്ടക്കാരൻ പിന്നാലെയും .ഒറ്റ ചെണ്ടയുടെ താളപ്പെരുക്കത്തിൽ കടുവയും ശിക്കാരിയും ഓടിക്കളിക്കുന്നു. ഒടുവിൽ കടുവ തോക്കിനു ഇരയാകുന്നു .ഇതിന്റെ ചരിത്രപരമായ പ്രാധാന്യമൊന്നും ആരും പറഞ്ഞു കേട്ടിട്ടില്ല .എങ്കിലും ഇന്നുള്ള ഏതാണ്ട് എല്ലാവരുടെയും ഓർമ്മയിൽ കടുവ കളി ഉണ്ട് .തൃശൂർ നഗരത്തെ പുളകം കൊള്ളിക്കുന്ന പുലികളി പോലെ ഓണാട്ടു കരയുടെ തനത് കളി ആണ് കടുവാ കളി .
ഏറ്റവും കൂടുതൽ ദിവസം ഓണം ആഘോഷിക്കുന്നത് ഓണാട്ടുകരയിലാണ് എന്ന് പറയണം .ഓണത്തിന് 28 ദിവസം മുൻപ് കർക്കിടക മാസത്തിലെ തിരുവോണം നാളിലാണ് പിള്ളേരോണം ആഘോഷിക്കുന്നത് .വറുതിയുടെ മധ്യത്തായിരിക്കും ഓണാട്ടു കര അപ്പോൾ . എന്നാൽ പോലും മുറ്റത്ത് കിട്ടാവുന്ന പൂക്കൾ കൊണ്ടൊരു ചെറുപൂക്കളം ഒരുക്കിയും പരിപ്പും പപ്പടവും അവിയലും കൊണ്ടൊരു ചെറിയ സദ്യ ഉണ്ടാക്കിയും വരാൻ പോകുന്ന വലിയ ഓണത്തിന്റെ സാമ്പിൾ വെടിക്കെട്ടായി കർക്കിടകത്തിലെ ഓണം ആഘോഷിക്കുന്നു . കുട്ടികൾക്ക് പ്രാധാന്യം ഉള്ളതുകൊണ്ട് തന്നെ ഊഞ്ഞാൽ ഇടുന്നത് പിള്ളേരോണത്തിനായിരുന്നു .ഈ ദിവസം ആവണി അവിട്ടമായും ആഘോഷിക്കപ്പെടുന്നു .ബ്രാഹ്മണർ ആചാരാനുഷ്ടാനങ്ങളോടെ വിധിപൂർവ്വം തങ്ങളുടെ യജ്‌നോപവീതം മാറ്റി പുതിയത് ധരിക്കുന്നത് ഈ ദിവസമാണ്. ഓണാട്ടുകരയിലെ ഓണം പിള്ളേരോണത്തിനാണ് തുടങ്ങുന്നത് . കുട്ടികളുടെ ആവേശത്തിമർപ്പ് കാണുമ്പോൾ അത് പതിയെ മുതിർന്നവരിലേക്കും പടരും എന്നതിൽ സംശയമില്ല .
ഓണാട്ടുകരയുടെ മാത്രം പ്രത്യേകത ആയിരുന്ന മറ്റൊരു ആഘോഷമാണ് ഓണത്തല്ല് . അത്തം മുതലുള്ള ദിവസങ്ങളിൽ കണ്ടിയൂർ മറ്റത്തായിരുന്നു ഓണത്തല്ല് നടന്നിരുന്നത് . കായംകുളം രാജാവിന്റെ അധീനതയിൽഉണ്ടായിരുന്ന കളരികളിലെ യോദ്ധാക്കൾ തങ്ങളുടെ ആയോധന ശേഷി പ്രകടിപ്പിച്ചിരുന്നതു ഓണത്തല്ല് എന്ന സവിശേഷമായ ആചാരത്തോടെ ആയിരുന്നു . കണ്ടിയൂർ മറ്റം പടപ്പാട്ട് എന്ന പുരാതന ഗ്രന്ഥത്തിൽ ഇത് വിശദീകരിക്കുന്നുണ്ട് .

മാവേലിക്കര എന്ന ദേശനാമമാണ് ഓണാട്ടുകരയും ഓണവുമായുള്ള മറ്റൊരു പ്രധാന പൊക്കിൾ കൊടി ബന്ധം .മാവേലിക്കരക്ക് ആ പേര് വരാൻ എന്താണ് കാരണം എന്ന് ചരിത്ര കാരന്മാർക്കിടയിൽ വിരുദ്ധ അഭിപ്രയമുണ്ട്. മഹാബലിക്കര എന്നും മഹാവേലിക്കര എന്നും പറയപ്പെടുന്നുണ്ട് . എന്തായാലും കേരളത്തിലെ സ്ഥലനാമ ചരിതങ്ങൾ അരിച്ചു പെറുക്കിയാലും ഓണവും മഹാബലിയും വരുന്ന മറ്റൊരു ദേശ നാമം കണ്ടുകിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം ..

ഓണാട്ടുകരയുടെ ഓണത്തിന്റെ മറ്റൊരു സവിശേഷത കരടി കളി ആണ് .ഈ ഭൂവിഭാഗത്തിന്റെ തെക്കേ അറ്റമായ കരുനാഗപ്പള്ളിയിലാണ് കരടി കളി ഉള്ളത് . കായംകുളം മുതൽ തിരുവനന്തപുരം വരയുള്ള പക്ഷിയുടെ യാത്രയും , രാമപുരത്ത് വാര്യരുടെ കുചേല വൃത്തം വഞ്ചിപ്പാട്ടും താളത്തിൽ പാടിയാണ് കരടികൾ വീടുകളിൽ എത്തുന്നത് . കടുവ കളിയിലെ പോലെ തന്നെ കരടിയും വേട്ടക്കാരുമാണ് ഇവിടെയും പ്രധാന വേഷങ്ങൾ . ഉണങ്ങിയ വാഴയിലയും ഈർക്കിൽ കളഞ്ഞ ഓലയും ചുറ്റി കരടിയുടെ മുഖം മൂടിയും വെച്ച് ഒരാൾ വേഷം കെട്ടുന്നു .തനി സായിപ്പിന്റെ വേഷത്തിൽ ഒരു വേട്ടക്കാരനും ഗഞ്ചിറയും കൈമണിയും ചിഞ്ചിലവും ഒക്കെ വിവിധ താളങ്ങളുടെ അകമ്പടിയുമുണ്ട് .”താനിന്നെ താനിന്നെ തന്നാന തന, താനിന്നെ താനായി തനാന്ന” എന്ന വായ്‌ത്താരിയാണ് പാട്ടിന് അകമ്പടി.ഏറെക്കാലമായി നിന്നുപോയ കരടികളിയും അതിന്റെ താനവട്ടങ്ങളും പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട് .

ഓണാട്ടുകരയുടെ ഓണവിശേഷത്തിലെ ഏറ്റവും കണ്ണായ ഉത്‌സവം ഓണം കഴിഞ്ഞു 28 നാൾ കഴിഞ്ഞാണ് . ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്റെ വിശാലമായ പടനിലത്ത് നടക്കുന്ന കാളകെട്ടുൽസവമാണ് ഓണാട്ടുകരയുടെ ഓണ മഹോത്സവത്തിന്റെ അവസാനം കുറിക്കുന്നത് . മധ്യ കേരളത്തിലെ പല ക്ഷേത്രങ്ങളിലും കാള കെട്ട് ഉല്സവങ്ങൾ ഉണ്ടാകാറുണ്ട് .മിക്കവയും ശിവരാത്രിയോട് അനുബന്ധിച്ചാണ് . എന്നാൽ ഓച്ചിറയിലെ കാള കെട്ട് “ഇരുപത്തി എട്ടാം ഓണം” എന്നാണ് അറിയപ്പെടുന്നത് തന്നെ .ഓച്ചിറ ക്ഷേത്രത്തിന്റെ 52 കരകൾ കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലായി വ്യാപിച്ച് കിടക്കുകയാണ്. ഈ കരകളിൽ നിന്നുള്ള കാള രൂപങ്ങൾ പടനിലത്തേക്കു വരും . അതിൽ “മാമ്പ്രക്കന്നേൽ കരയുടെ” കെട്ടുകാളയായ “ഓണാട്ടു കതിരവൻ” സമീപകാലം വരെ കേരളത്തിലെ തന്നെ ഏറ്റവും ഉയരമുള്ള കെട്ടു കാളയാണ് . 57 അടി ഉയരമുള്ള ഓണാട്ടുകതിരവന്റെ ശിരസ് 14.5 അടിയാണ്. ആറ് ടൺ വൈക്കോലും രണ്ടര ടൺ കുടമണികളും ഉപയോഗിച്ചാണ് ഓണാട്ടുകതിരവനെ അണിയിച്ചൊരുക്കിയിട്ടുള്ളത് . ഊറാവ് തടിയിലാണ് ശിരസ് നിർമ്മിച്ചത്. വടക്കൻ പാട്ടിലെ കതിരവന്റെ ഭാവമാണ് ഓണാട്ടുകതിരവന്.ഓച്ചിറ പരബ്രഹ്മത്തിനു മുന്നിൽ ഓണാട്ടു കതിരവൻ അണിഞ്ഞൊരുങ്ങി നില്കുന്നത് തന്നെ ഒരു കാഴ്ചയാണ് .എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ ഞക്കനാൽ പടിഞ്ഞാറ് കരയുടെ കെട്ടുകാള വിശ്വപ്രജാപതി കാലഭൈരവനാണ് ഉയരത്തിൽ കേമൻ .65 അടി ഉയരമുള്ള ഈ കാളയുടെ ശിരസിന് 17 അടി പൊക്കമുണ്ട്. നാല് ഏഴിലംപാലമരങ്ങളുടെ തടികൾ വിധിയാം വണ്ണം കൂട്ടിയോജിപ്പിച്ചാണ് വിശ്വപ്രജാപതി കാലഭൈരവന്റെ കൂറ്റൻ ശിരസ് തയ്യാറാക്കിയത്. വീര പാണ്ഡവ ശൈലിയിലാണ് നിർമ്മാണം. ത്രിനാഗങ്ങളാണ് കൊമ്പിൽ പ്രതിഷ്‌ഠ. ആറര ടൺ വൈക്കോൽ ഉപയോഗിച്ചാണ് കാലഭൈരവനെ കെട്ടിയൊരുക്കിയത്. കുടമണികൾ മാത്രം മൂന്ന് ടണ്ണിലേറെയുണ്ട്. ചുവപ്പും വെളുപ്പും നിറത്തിലുള്ള 450 മീറ്റർ തുണി ഉപയോഗിച്ചാണ് കാലഭൈരവനെ പൊതിയുന്നത്.അങ്ങിനെ ഇരുപത്തിയെട്ടാം ഓണത്തിന്റെ ആഘോഷത്തിമർപ്പിൽ ഗ്രാമീണ ജനത അടിമുടി മുങ്ങുമ്പോൾ അവിടെ ഓണാട്ടുകരയുടെ ഓണാഘോഷത്തിനു തിരശീല വീഴുകയും ചെയ്യുന്നു.

ഇതൊക്കെ കൂടാതെ ആറന്മുള ഭഗവാന്റെ പള്ളിയോടങ്ങളിൽ ഏറ്റവും ദൂരത്ത് നിന്നും വരുന്ന ചെന്നിത്തല പള്ളിയോടം ഓണാട്ടുകരയിൽ പെട്ടതാണ് .അച്ചന്കോവിലാർ കുട്ടമ്പേരൂരാർ പമ്പാനദി എന്നീ മൂന്നു ജലപ്രവാഹങ്ങൾ താണ്ടി തിരുവാറന്മുളയപ്പനെ കാണാൻ എത്തുന്ന ചെന്നിത്തല പള്ളിയോടം പാർത്ഥസാരഥിയുടെ സവിധത്തിലേക്കുള്ള ഓണാട്ടുകരയുടെ പ്രതിനിധിയുമാകുന്നു .ഉണ്ണുനീലി സന്ദേശം, ഉണ്ണിയാടിചരിതം, ശിവവിലാസം എന്നീ പുരാതന കൃതികളിൽ പഴയ കാലത്തെ ചിറവായ് സ്വരൂപത്തിന്റെ, ഓടനാടിന്റെ, ഓണാട്ടുകരയുടെ, പ്രതാപൈശ്വര്യങ്ങൾ പ്രകീർത്തിക്കപ്പെടുന്നുണ്ട് .

ഇതൊക്കെ കൂടാതെ കേരളത്തിൽ എമ്പാടുമുള്ളതുപോലെ കൈകൊട്ടിക്കളിയും തിരുവാതിരയും തുമ്പിതുള്ളലും ഓണദിവസങ്ങളിലെ കരിമരുന്നു പ്രയോഗവും ഓണാട്ടുകരയിലുമുണ്ട്. കാലമേറെ മാറിയെങ്കിലും ഓണാട്ടുകരയിലെ ഓണം ഇന്നും മണ്ണിന്റെ മണമുള്ള ഉത്‌സവമാണ് .ജീവസന്ധാരണത്തിനായി ഇവിടെയുള്ള ആളുകൾ ധാരാളമായി ദേശാന്തര ഗമനം നടത്തിയിട്ടുണ്ട് .അതിൽ മിക്കവാറും പേർ ഓണമാകുമ്പോഴേ നാട്ടിലെത്തും .അങ്ങിനെ ഈ ഗ്രാമാന്തരങ്ങളിൽ ഓണം ഒരു കൂടിച്ചേരലിന്റെ കൂടി ഉത്സവമാകുന്നു .
എഴുതിയത്
രഞ്ജിത് ജി കാഞ്ഞിരത്തിൽ
















Comments