തിരുവനന്തപുരം: വഴക്ക് പറഞ്ഞതിന്റെ പരിഭവത്തിൽ മകൻ വൃക്കരോഗിയായ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു. പോത്തൻകോട് ഇന്നലെ രാവിലെയായിരുന്നു സംഭവം. പതിനഞ്ചുകാരനായ മകൻ സുഹൃത്തിന്റെ സഹായത്തോടെയാണ് പിതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു പിതാവിനെ ആക്രമിച്ചത്. പോലീസ് പിടികൂടുമെന്ന് ഭയന്ന കുട്ടി ജീവനൊടുക്കാനും ശ്രമിച്ചു.
മകൻ മറ്റൊരാളിന്റെ ചെരുപ്പിട്ട് വീട്ടിൽ എത്തിയത് അച്ഛൻ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തു. ഈ സംഭവത്തിൽ രോഷം കൊണ്ട മകൻ പിതാവ് വിശ്രമിക്കുന്ന സമയത്ത് സുഹൃത്തിനൊപ്പം പദ്ധതി മെനയുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞ് മകനും സമപ്രായക്കാരനായ ഒരു കുട്ടിയും മുറിയിലേയ്ക്ക് കടന്നു വരികയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ടീഷർട്ടുകൊണ്ട് മുഖം മറച്ചിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് മുളകുപൊടി കലക്കിയ വെള്ളം അച്ഛന്റെ മുഖത്തൊഴിച്ചു. മൂർച്ചയുള്ള ആയുധംകൊണ്ട് പിതാവിന്റെ തലയിൽ നിരവധി തവണകുത്തി. കുതറി മാറിയ പിതാവ് വീടിന് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ കൂട്ടുകാരനെ മകൻ രക്ഷപ്പെടുത്തി. പോലീസ് വരുന്നത് കണ്ട് മകൻ തൂങ്ങി മരിക്കാൻ ശ്രമിച്ചു. ശേഷം വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറിയ പോലീസ് കുട്ടിയെ രക്ഷിക്കുകയായിരുന്നു.
















Comments