കണ്ണൂർ: ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ പേരിൽ വിദ്യാർത്ഥികൾക്കിടയിൽ ആരംഭിച്ച തർക്കം ഏറ്റുമുട്ടലിൽ കലാശിച്ചു. വെള്ളിയാഴ്ച വൈകുന്നേരം കടന്നപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. സ്കൂൾ പ്ലസ്ടൂ-പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്.
ഓണാഘോഷത്തിന്റെ പേരിൽ പ്ലസ്ടൂ വിദ്യാർത്ഥികൾ പുതിയതായി ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചിരുന്നു. ഇതിൽ തങ്ങളെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് പ്ലസ് വൺ വിദ്യാർത്ഥികൾ മറ്റൊരു അക്കൗണ്ട് ആരംഭിച്ചു. പ്ലസ് വൺ വിദ്യാർത്ഥികൾ ആരംഭിച്ച അക്കൗണ്ടിന് ഫോളോവേഴ്സ് വർദ്ധിച്ചതോടെയാണ് ഇരു വിഭാഗവും തമ്മിൽ തർക്കത്തിന് തുടക്കമാകുന്നത്.
പ്ലസ് വൺ വിദ്യാർത്ഥികൾ ആരംഭിച്ച അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്ന് പ്ലസ്ടൂ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഈ ആവശ്യം പ്ലസ് വൺ വിദ്യാർത്ഥികൾ നിരസിച്ചതോടെയാണ് തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയത്. ഇരു വിഭാഗവും ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പരിയാരം പോലീസാണ് പ്രശ്നം പരിഹരിച്ചത്. കയ്യാങ്കളിയിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.
Comments