എറണാകുളം: ഓണാഘോഷങ്ങളുടെ ഭാഗമായി കൊച്ചി ലുലുമാളിൽ സന്ദർശകർക്കായി തയാറാക്കിയ ഹാങ്ങിങ് പൂക്കളം വേൾഡ് റെക്കോർഡിൽ ഇടം നേടി. വർണ്ണ വിസ്മയം ഒരുക്കി മാളിലെ സെൻട്രൽ ഏട്രിയത്തിലാണ് ഹാങ്ങിങ് പൂക്കളം ഒരുക്കിയത്. 30 അടി വ്യാസവും 450 കിലോ ഭാരവുമാണ് ഈ ഹാങ്ങിങ് പൂക്കളത്തിനുള്ളത്.
കൃത്രിമ പൂക്കളാണ് ഈ ഹാങ്ങിങ് പൂക്കളത്തിനായി ഉപയോഗിച്ചിട്ടുള്ളത്. 35-ലേറെ ആളുകൾ ചേർന്ന് എട്ട് ദിവസം കൊണ്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ജിഐ പൈപ്പുകളിൽ പോളിഫോമും വിനെയ്ൽ പ്രിന്റും ഉപയോഗിച്ചായിരുന്നു നിർമ്മാണം. ശേഷം ഇത് നാല് വലിയ വടങ്ങളിൽ കോർത്ത് ഉയർത്തുകയായിരുന്നു. 25 മീറ്റർ വീതമുള്ള മൂന്ന് ഇരുമ്പ് ചങ്ങലകളിലായാണ് ഈ പൂക്കളം തൂക്കിയത്. താഴെയുള്ള കഥകളി രൂപവും മുകളിലായുള്ള ഓണത്തപ്പനും ഹാങ്ങിങ് പൂക്കളത്തെ കൂടുതൽ മനോഹരമാക്കി.
ഇതോടെ ഒരൊറ്റ വേദിയിൽ ഒരുക്കിയ ഏറ്റവും വലിയ ഹാങ്ങിങ് പൂക്കളമെന്ന വേൾഡ് റെക്കോർഡ് യൂണിയൻ സർട്ടിഫിക്കറ്റ് ലുലു മാളിന് സ്വന്തമാകുകയായിരുന്നു. ഓണഘോഷത്തിന്റെ മനോഹരമായ ദൃശ്യം വരച്ചിടുന്നതാണ് ഹാങ്ങിങ് പൂക്കളമെന്ന് വേൾഡ് റെക്കോർഡ്‌സ് യൂണിയൻ വ്യക്തമാക്കി. ലുലു മാളിൽ നടന്ന ചടങ്ങിൽ വേൾഡ് റെക്കോഡ്‌സ് യൂണിയൻ പ്രതിനിധി ക്രിസ്റ്റഫർ ടെയ്‌ലർ ക്രാഫ്റ്റ് ലുലുവിന് സർട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണൻ സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി.
കൊച്ചി ലുലു ഇവന്റ്‌സാണ് ഹാങ്ങിങ് പൂക്കളം തയ്യാറാക്കിയത്. ലുലു ഇവൻസ് ആർട്ട് ഡയറക്ടർ മഹേഷ് എം നാരായണൻ നിർമ്മാണത്തിന് നേതൃത്വം നൽകി. ലുലു ഇവന്റസ് ടീമിന്റെ ഏറ്റവും മികച്ച ആസൂത്രണമാണ് ഈ ഹാങ്ങിങ് പൂക്കളത്തിലൂടെ പ്രാവർത്തികമായതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്നും വേൾഡ് റെക്കോഡ്‌സ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
Comments