5ജിയ്ക്ക് പുറമേ 6ജിയിലും ജിയോ ലോകത്ത് ഒന്നാമതെത്തുമെന്ന പ്രഖ്യാപനവുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. ജിയോ പ്ലാറ്റ്‌ഫോമുകൾ ആഗോളതലത്തിൽ 6ജി വികസിപ്പിക്കുന്നതിൽ ഇപ്പോൾ തന്നെ പ്രവർത്തനം ആരംഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. 6ജി നെറ്റ്‌വർക്ക് വികസിപ്പിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ കമ്പനിയായി ജിയോ മാറുമെന്നാണ് പ്രഖ്യാപനം. റിലയൻസ് ഇൻഡസ്ട്രീസിന്റെ 46-ാമത് വാർഷിക പൊതുയോഗത്തിലാണ് സുപ്രധാന പ്രഖ്യാപനം നടന്നത്.
ഒരു ടെലികമ്മ്യൂണിക്കേഷൻ ഓപ്പറേറ്റർ എന്ന നിലയിൽ രാജ്യത്തുള്ള ജിയോയുടെ പരിവർത്തനം എടുത്ത് പറയുകയായിരുന്നു അദ്ദേഹം. ജിയോ പ്ലാറ്റ്‌ഫോമുകളിലെ നൂതന ഉത്പന്നങ്ങൾ അന്താരാഷ്‌ട്ര വിപണികളിൽ എത്തിക്കുന്നതിനും ലോകമെമ്പാടും സേവനം വ്യാപിക്കാനും ആഗ്രഹിക്കുന്നുവെന്ന് അംബാനി വ്യക്തമാക്കി. നെറ്റ്വർക്കിംഗ്, അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,മെഷീൻ ലേണിംഗ് ശേഷി തുടങ്ങി അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് കമ്പനി 5ജി വിപുലീകരിച്ചിരിക്കുന്നതെന്ന് അംബാനി പറഞ്ഞു. വിവിധ ആഗോള കമ്പനികളിൽ നിന്നുള്ള 5ജി ഉപകരണങ്ങളുമായി നെറ്റ്‌വർക്ക് സംയോജിപ്പിക്കാനാകും.
ഇന്ത്യയിലുടനീളം 5ജി നെറ്റ്വർക്കുകൾ നടപ്പിലാക്കുന്നതിനായി നോക്കിയ, എറിക്സൺ, സാംസങ് തുടങ്ങിയ പ്രമുഖ കമ്പനികളുമായി ജിയോ സഹകരിച്ചിട്ടുണ്ട്. ഒക്ടോബറിൽ ആരംഭിച്ച് വെറും ഒമ്പത് മാസങ്ങൾക്കുള്ളിൽ രാജ്യത്തെ 96 ശതമാനം പ്രധാന നഗരങ്ങളും ഉൾക്കൊള്ളിക്കുന്ന തരത്തിൽ ജിയോ 5ജി വിപുലീകരിച്ചിട്ടുണ്ട്. ഡിസംബറോടെ രാജ്യവ്യാപകമായി സമ്പൂർണ്ണ കവറേജ് നേടുമെന്നാണ് പുതിയ പ്രഖ്യാപനം.
5ജിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന ഡാറ്റ നൽകാനാണ് 6ജിയിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്.
ഇത് സെക്കൻഡിൽ തന്നെ ടെറാബിറ്റ് ഡാറ്റ സ്റ്റോറേജ് സാധ്യമാക്കും. വേഗത്തിലുള്ള ഡൗൺലോഡുകൾ, സ്ട്രീമിംഗ് എന്നിവയ്‌ക്ക് പുറമേ ഡാറ്റ-ഇൻറൻസീവ് ആപ്ലിക്കേഷനുകൾ വേഗത്തിൽ പ്രവർത്തനക്ഷമമാക്കും. ആശയവിനിമയത്തിലെ കാലതാമസം 6ജി മൈക്രോസെക്കൻഡുകളായി കുറയ്‌ക്കും. റിമോട്ട് സർജറി, ഡ്രൈവർ ഇല്ലാ വാഹനങ്ങൾ, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ തത്സമയ ഇടപെടൽ ആവശ്യമുള്ള ആപ്ലിക്കേഷനുകൾക്ക് എല്ലാം ഇത് നിർണായകമാകും.
















Comments