സ്വർണകള്ളക്കടത്ത് കേസിലേക്ക് മാദ്ധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരുടെ പേര് വലിച്ചിട്ടത് മറ്റാരുടെയോ ഹിഡൻ അജണ്ടയുടെ ഭാഗമായാണെന്ന് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ. ജനംടിവിയിൽ സംപ്രേഷണം ചെയ്ത ‘മറുപടി’യിലൂടെയായിരുന്നു സ്വപ്‌നയുടെ തുറന്നുപറച്ചിൽ.
“സ്വർണം കള്ളക്കടത്ത് ചെയ്യാൻ ശ്രമിക്കവെ പിടിച്ചുവെന്ന വാർത്ത പുറത്തുവന്നപ്പോൾ അനിൽ നമ്പ്യാർ എന്നെ വിളിക്കുകയാണ് ചെയ്തത്. യുഎഇ കോൺസുലേറ്റിന് വേണ്ടി ജോലി ചെയ്യുന്നയാൾ എന്ന നിലയിൽ ആ വാർത്തയുടെ ആധികാരികതയെക്കുറിച്ച് അറിയാനായിരുന്നു അനിൽ നമ്പ്യാർ വിളിച്ചത്. സംഭവം വ്യാജവാർത്തയാണോ അല്ലയോ എന്നായിരുന്നു ആ ഫോൺ സംഭാഷണത്തിൽ അനിൽ നമ്പ്യാർ ചോദിച്ചത്. സമാനമായി മറ്റ് ചില മാദ്ധ്യമപ്രവർത്തകരും എന്നെ വിളിച്ചിരുന്നു. വാർത്ത സത്യമാണോയെന്ന് തന്നെയാണ് എല്ലാവരും എന്നോട് ചോദിച്ചത്. പിആർഒ സരിത്ത് കസ്റ്റംസ് കസ്റ്റഡിയിലായതോടെയാണ് എനിക്ക് കോളുകൾ വരാൻ തുടങ്ങിയത്. മറുപടി പറയേണ്ട സരിത്ത് കസ്റ്റഡിയിലായതിനാൽ എല്ലാവരും എന്നെ വിളിക്കുകയായിരുന്നു.
വാർത്ത ഞെട്ടിക്കുന്നതാണെന്നും തിരികെ വിളിക്കാമെന്നും മറുപടി പറഞ്ഞ് അനിൽ നമ്പ്യാരുടെ ഫോൺ ഞാൻ കട്ട് ചെയ്തു. തീർത്തും ചെറിയൊരു ഫോൺ സംഭാഷണമായിരുന്നു അത്. അതിന് ശേഷം എന്റെ കോൺസുൽ ജനറൽ എനിക്ക് നിർദ്ദേശം നൽകി. വിളിക്കുന്ന ആളുകളോട് വാർത്ത പിൻവലിക്കാൻ പറയണം. ഇത് സംപ്രേഷണം ചെയ്യാൻ പാടില്ല. യുഎഇ കോൺസുലേറ്റ് ജനറലിന് എതിരായി വാർത്ത പോകുന്നത് അപകടം പിടിച്ചതാണെന്നും എന്നെ നിർദ്ദേശിച്ചു. ഇതുപ്രകാരം, അനിൽ നമ്പ്യാരെ തിരികെ വിളിച്ച ഞാൻ, കോൺസുൽ ജനറൽ നിർദേശിച്ചതുപോലെ മറുപടി നൽകി. അങ്ങനെയെങ്കിൽ ഇതിന്റെ പ്രസ്താവന പുറത്തിറക്കാൻ കോൺസുൽ ജനറൽ തയ്യാറാകണമെന്നും, അതു ചെയ്‌തെങ്കിൽ മാത്രമേ കോൺസുൽ ജനറൽ പറയുന്ന കാര്യം വാർത്ത കൊടുക്കാൻ കഴിയൂവെന്നും അനിൽ നമ്പ്യാർ പറഞ്ഞു. സാധിക്കുമെങ്കിൽ കോൺസുൽ ജനറലിന്റെ ഒരു ഇന്റർവ്യൂ നൽകണമെന്നും അനിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾക്ക് യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം എന്നതിനാലും ഞായറാഴ്ച ആയതിനാലും അതിന് സാധിച്ചില്ല.
ആ ദിവസം എനിക്ക് മറക്കാൻ കഴിയില്ല. എനിക്ക് ഒളിവിൽ പോകേണ്ടി വന്ന ദിനമായിരുന്നു അന്ന്. ഒടുവിൽ പിടിയിലായപ്പോൾ കസ്റ്റംസിന് നൽകിയ മൊഴിയിൽ – ഇത് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് പറയാൻ അനിൽ നമ്പ്യാർ നിർദേശിച്ചു- എന്നാണ് വന്നത്. ഇത്തരമൊരു മൊഴി എന്റെ കൈപ്പടയിൽ തന്നെയാണ് എഴുതിയത് എന്ന കാര്യം സത്യമാണെങ്കിലും അത് എനിക്ക് ലഭിച്ച നിർദ്ദേശ പ്രകാരം എഴുതിയതായിരുന്നു. പത്മരാജൻ എന്ന് പേരുള്ള, പപ്പൻ എന്ന് വിളിച്ചിരുന്ന ഒരു വ്യക്തിയാണ് കസ്റ്റംസിന് കൊടുക്കേണ്ട മൊഴി എന്താണെന്ന് പറഞ്ഞുതന്നത്. മുൻകൂട്ടി തീരുമാനിച്ച അജണ്ട എങ്ങനെ പ്രാവർത്തികമാക്കണമെന്നാണ് അയാൾ അവിടെ കാണിച്ചിരുന്നത്. സ്വർണകള്ളക്കടത്ത് കേസിനെ ഏതുരീതിയിൽ പൊതുജനങ്ങളിലേക്കെത്തണം എന്ന അജണ്ട അയാൾക്കുണ്ടായിരുന്നു.
അനിൽ നമ്പ്യാർ ഏത് പാർട്ടിക്കാരനാണെന്നോ ഏതെങ്കിലും പാർട്ടിയിൽ അംഗത്വമുണ്ടോയെന്നോ എനിക്കറിയുമായിരുന്നില്ല. അനിലിന്റെ ഫോട്ടോ കാണിച്ച് ഇതാരാണെന്നും ഫോണിൽ എന്താണ് സംസാരിച്ചതെന്നും കസ്റ്റംസ് എന്നോട് ചോദിച്ചു. നടന്നത് എന്താണെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അതല്ല വേണ്ടതെന്നും ഞങ്ങൾ പറയുന്നതാണ് നീ മൊഴിയായി രേഖപ്പെടുത്തേണ്ടതെന്നും അവർ നിർദ്ദേശിച്ചു. പത്മരാജൻ, കൃഷ്ണകുമാർ എന്നീ രണ്ട് പേരാണ് ഇതാവശ്യപ്പെട്ടത്. ഗുണ്ടകളെപ്പോലെ ആയിരുന്നു അവരുടെ പെരുമാറ്റം. എന്നാൽ മറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥർ വളരെ മാന്യമായാണ് എന്നോട് പെരുമാറിയിരുന്നത് എന്ന കാര്യം കൂടി ഇതിനോടപ്പം പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
എന്റെ മുൻ ഭർത്താവിനെക്കുറിച്ച്, മകളെക്കുറിച്ച് പലതും മോശമായി പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കൂട്ടത്തിലാണ് അനിൽ നമ്പ്യാരുടെ ഫോട്ടോ കാണിച്ച് അതിന് താഴെ അവർ പറയുന്ന പ്രകാരം എഴുതാൻ ഞാൻ നിർബന്ധിതയായത്. അനിൽ നമ്പ്യാരെക്കുറിച്ച് കസ്റ്റംസ് മൊഴിയായി രേഖപ്പെടുത്തിയതെല്ലാം അവർ എഴുതാൻ ആവശ്യപ്പെട്ട കാര്യങ്ങളായിരുന്നു. ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളെക്കുറിച്ച് അപ്രകാരം എഴുതിക്കൊടുക്കേണ്ടി വന്നതിൽ ഒരുപാട് ഖേദം തോന്നിയിട്ടുണ്ട്.
അനിൽ നമ്പ്യാർ ഉപദേശിച്ച് നൽകിയത് പോലെ ഞാൻ പ്രവർത്തിച്ചുവെന്ന് പറയുന്നത് കുപ്രചാരണമാണ്. ഒരാളുടെ വാക്ക് മാത്രമേ ഞാൻ കേട്ടിട്ടുള്ളൂ. അത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെയാണ്. അതിൽ ഞാൻ ഇന്നും ഖേദിക്കുന്നു. കസ്റ്റംസിന്റെ ഓഫീസിലേക്ക് പോകാൻ നിന്ന എന്നെ തടഞ്ഞ്, ഒളിവിൽ പോകാൻ നിർദ്ദേശിച്ചത് ശിവശങ്കറാണ്. അന്ന് അയാൾ പറഞ്ഞതുപോലെ അനുസരിച്ചതാണ് എനിക്ക് പറ്റിയ തെറ്റ്. അതുകേൾക്കാതെ നേരെ കസ്റ്റംസിൽ ഹാജരായിരുന്നെങ്കിൽ ഇന്നു കാണുന്ന സ്ഥിതി എനിക്ക് വരില്ലായിരുന്നു.” സ്വപ്‌ന സുരേഷ് പറഞ്ഞു.
Comments