ന്യൂഡൽഹി: ജി20 ഉച്ചകോടിയ്‌ക്കൊരുങ്ങി രാജ്യം. യോഗം നടക്കുന്ന ഡൽഹിയുടെ മാറ്റ് കൂട്ടിയും സൗകര്യങ്ങൾ ഒരുക്കിയും സുരക്ഷ വർദ്ധിപ്പിച്ചും രാജ്യം കാത്തിരിക്കുകയാണ്. തലസ്ഥാനത്ത് ഉച്ചക്കോടി നടക്കുന്ന ഭാരത് മണ്ഡപത്തിന് സമീപ പ്രദേശങ്ങളിലെ 30-ാളം ഹോട്ടലുകളിലാണ് രാഷ്‌ട്രനോതാക്കന്മാർക്ക് താമസമൊരുക്കുന്നത്. ഇതിൽ പലതും ഇപ്പോൾ തന്നെ പൂർണമായും ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ താമസിക്കുന്നത് ഐടിസി മൗര്യയിലാണ്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് താമസിക്കുക താജ് പാലസിലാണ്. ബ്രിട്ടിഷ് പ്രസിഡന്റ് ഋഷി സുനക് ഷാംഗ്രി-ലായിലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ക്ലാരിഡസ് ഹോട്ടലിലുമാണ്. യുഎസ് പ്രസിഡന്റ് സാമസിക്കുന്ന ഹോട്ടലിലെ എല്ലാ നിലകളിലും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥർ ഉണ്ടാകും. 14-ാം നിലയിലാകും ബൈഡന്റ് താമസം. ഈ ഹോട്ടലിലെ 400 മുറികളാണ് ഇതിനോടകം ബുക്ക് ചെയ്തിരിക്കുന്നത്.
രാഷ്‌ട്രതലവന്മാർ എത്തുന്ന ജി20യിൽ വൻ സുരക്ഷയാണ് രാജ്യം ഒരുക്കുന്നത്. അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള രാഷ്‌ട്ര തലവന്മാർക്കൊപ്പം എത്തുന്ന ഉദ്യോഗസ്ഥർക്ക് അടക്കം സൗകര്യങ്ങളും സുരക്ഷയും സജ്ജമാക്കുകയാണ് രാജ്യം. സെപ്റ്റംബർ ഒമ്പതിനാണ് ഉച്ചകോടി തുടങ്ങുന്നതെങ്കിലും യുഎസ്, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇതിനോടകം ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
വിദേശ അതിഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര അർദ്ധസൈനിക സേന, എൻഎസ്ജി കമാൻഡോകൾ, ഡൽഹി പോലീസ്, എന്നീ സേനാ വിഭാഗങ്ങൾ സജ്ജമായിക്കഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ സുരക്ഷ മുന്നൊരുക്കങ്ങൾ വിലയിരുത്തി. 50 സിആർപിഎഫ് ടീമുകളെയാണ് ഡൽഹിയിൽ വിന്യസിക്കുക. നോയിഡയിലെ വിഐപി സുരക്ഷാ പരിശീലന കേന്ദ്രത്തിൽ ആയിരത്തോളം സിആർപിഎഫ് ജവാന്മാർ നിലവിൽ ഇതിനായി പരിശീലനത്തിലുണ്ട്. എല്ലാ സുരക്ഷാ ഏജൻസികളിലെയും കമാൻഡോകൾക്ക് വ്യത്യസ്ത ചുമതലകളാണ് നൽകിയിരിക്കുന്നത്.
Comments