കോട്ടയം: പുതുപ്പളളി ഉപതിരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രൊഫഷണൽ ബിരുദ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പുതുപ്പളളി ഉപതിരഞ്ഞടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥി ലിജിൻലാലിന് വേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം.
പുതുപ്പളളി മണ്ഡലത്തിലെ യുവ വോട്ടർമാരുമായും യൂട്യൂബർമാരുമായും മന്ത്രി ചർച്ച നടത്തി. അയർകുന്നത്ത് നടന്ന കുടുംബസംഗമത്തിലും അദ്ദേഹം പങ്കെടുത്തു. മണ്ഡലത്തിലെത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എൻഎസ്എസ് പ്രവർത്തകർക്ക് ഗണേശ വിഗ്രഹം സമ്മാനിച്ചു. മണ്ഡലത്തിൽ പ്രചാരണം നടത്തുന്ന എൻഎസ്എസ് ഭാരവാഹികൾക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചു.
പുതുപ്പളളി ഉപതിരഞ്ഞടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് നാളെയും പരസ്യ പ്രചാരണം ഉണ്ടാകില്ല. ലിജിൻ ലാലിനായി പ്രകാശ് ജാവദേക്കറും കേന്ദ്രസഹമന്ത്രി വി. മുരളീധരനും വരും ദിവസങ്ങളിൽ പ്രചരണത്തിനായ ഇറങ്ങും.
അതേസമയം പുതുപ്പള്ളിയിൽ വികസന നയരേഖ ബിജെപി ദേശീയ വക്താവ് ടോം വടക്കൻപ്രകാശനം ചെയ്തു.പുതുപ്പള്ളി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജോർജ് കുര്യൻ, വിവിധ ഘടക കക്ഷി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പുതുപ്പള്ളിയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വരേണ്ട മാറ്റങ്ങൾ അക്കമിട്ടു നിരത്തിയാണ് എൻഡിഎയുടെ കർമ്മ പദ്ധതി.
Comments