തൃശൂർ: ലോക റെക്കോർഡ് സ്വന്തമാക്കി തൃശൂരിലെ മെഗാ തിരുവാതിര. 7,027 കുടുംബശ്രീ നർത്തകിമാർ അണിനിരന്ന മെഗാ തിരുവാതിര തൃശൂരിലെ ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടനെല്ലൂരിലാണ് സംഘടിപ്പിച്ചത്.
ഒരേ താളത്തിൽ ഏഴായിരത്തോളം നർത്തകിമാർ ചുവടുവെച്ചപ്പോൾ കുട്ടനെല്ലൂരിലെ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിൽ പിറന്നത് പുതു ചരിത്രമായിരുന്നു. കുടുംബശ്രീ കലാകാരികൾ ഒരേ വേഷമണിഞ്ഞ് മെയ് വഴക്കത്തോടെ അവതരിപ്പിച്ച മെഗാ തിരുവാതിര ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്, ടാലന്റ് റെക്കോർഡ് ബുക്ക് എന്നിവയിലാണ് ഇടംനേടിയത്.
ലോക റെക്കോർഡ് നിരീക്ഷകരുടെ നേതൃത്വത്തിൽ എണ്ണം തിട്ടപ്പെടുത്തിയാണ് തിരുവാതിര കളിക്കായി കുടുംബശ്രീ പ്രവർത്തകരെ ഗ്രൗണ്ടിനുള്ളിൽ പ്രവേശിപ്പിച്ചത്. സംസ്കാരിക നഗരിയെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ കലാ പ്രകടനം റവന്യു മന്ത്രി കെ. രാജൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചരിത്രത്തിലേക്ക് ചുവടുവെക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ഇനിയും റെക്കോർഡുകൾ സൃഷ്ടിക്കുമെന്നും കലാകാരികൾ പറഞ്ഞു.
10 മിനിറ്റിലേറെ നീണ്ടു നിന്ന തിരുവാതിരയ്‌ക്ക് സാക്ഷ്യം വഹിക്കുവാൻ നിരവധി പേരാണ് ഗ്രൗണ്ടിലേക്കെത്തിയിരുന്നത്. മെഗാ തിരുവാതിര ഗിന്നസ് റെക്കോർഡിൽ ഇടം നേടുന്നതിനായുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. പരിപാടിയിൽ ജില്ലാകളക്ടർ കൃഷ്ണതേജ, തൃശൂർ റേഞ്ച് ഡിഐജി അജിത ബീഗം, മേയർ തുടങ്ങിയവർ പങ്കെടുത്തു.
Comments