ശ്രീനഗർ: മൂന്ന് പതിറ്റാണ്ടായി നിയമ സംവിധാനത്തെ പറ്റിച്ച് ഒളിവിൽ കഴിഞ്ഞ ഭീകരരെ ജമ്മുവിലെ ദോഡ ജില്ലയിൽ നിന്നും അന്വേഷണ ഏജൻസി പിടികൂടി. ഫിർദൗസ് അഹമ്മദ് വാനി, ഖുർഷിദ് അഹമ്മദ് മാലിക് എന്നീ ഭീകരരെയാണ് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മേഖലയിൽ നിന്നും പത്ത് ഭീകരരെയാണ് അന്വേഷണ ഏജൻസി പ്രദേശത്ത് നിന്നും അറസ്റ്റ് ചെയ്തത്.
ആദിൽ ഫാറൂഖ് ഫരീദി, ഇഷ്ഫാഖ് അഹമ്മദ്, മുഹമ്മദ് ഇഖ്ബാൽ, മുജാഹിദ് ഹുസൈൻ, താരിഖ് ഹുസൈൻ, ഇഷ്തിയാഖ് അഹമ്മദ് ദേവ്, അജാസ് അഹമ്മദ്, ജമീൽ അഹമ്മദ് എന്നിവരും കഴിഞ്ഞ ദിവസം പിടിയിലായവരിൽ ഉൾപ്പെടുന്നു. ഈ ഭീകരർ പതിറ്റാണ്ടുകളായി കശ്മീരിൽ സാധാരണ ജീവിതം നയിച്ചു വരികയായിരുന്നു. നിയമ സംവിധാനത്തെ പറ്റിച്ച് സർക്കാർ ജോലി നേടിയവരും കൂട്ടത്തിലുണ്ട്. അറസ്റ്റ് ചെയ്ത ഭീകരരെ ജമ്മുവിലെ ടാഡ/പോട്ട കോടതിയിൽ ഹാജരാക്കും.
1991-നും 1993-നും ഇടയിൽ കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ, അക്രമം അഴിച്ചുവിടൽ, തോക്ക് ചൂണ്ടിയുള്ള ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള നിരവധി തീവ്രവാദ പ്രവർത്തനങ്ങളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ട്. ഇത്രയും കാലം പിടിക്കപ്പെടാതെ ഭീകരർ കഴിഞ്ഞത് സംബന്ധിച്ച് പ്രത്യേകം അന്വേഷണവും ഏജൻസി നടത്തുന്നുണ്ട്.
സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റും സംയുക്തമായാണ് പ്രത്യേക ഓപ്പറേഷൻ നടത്തിയത്. ജമ്മു കാശ്മീരിൽ ഭീകരവാദം പൂർണ്ണമായും ഉന്മുലനം ചെയ്യുക എന്ന ലക്ഷ്യത്തൊടെയാണ് പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചത്.
Comments