അലഹബാദ്: ലിവിംഗ് ടുഗെതർ ബന്ധങ്ങൾ വിവാഹത്തെ തകർക്കാനുളള മാർഗമാണെന്ന് അലഹബാദ് ഹൈക്കോടതി. സീരിയലുകളിലെയും സിനിമകളിലെയും പോലെ പങ്കാളിയെ സീസൺ അനുസരിച്ച് മാറ്റുന്നത് സുസ്ഥിരവും ആരോഗ്യകരവുമായ സമൂഹത്തിന് ചേർന്നതല്ലെന്നും കോടതി വ്യക്തമാക്കി.
ലിവിംഗ് ടുഗെതർ ബന്ധത്തിൽ പങ്കാളി്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ഒരാൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് സിദ്ധാർത്ഥിന്റെ പരാമർശങ്ങൾ. ഇന്ത്യ പോലൊരു രാജ്യത്ത് മധ്യവർഗ സദാചാരത്തെ അവഗണിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
വിവാഹം ഒരു വ്യക്തിയ്‌ക്ക് നൽകുന്ന സുരക്ഷിതത്വവും അംഗീകാരവും പുരോഗതിയും സുസ്ഥിരതയും ലിവിംഗ് ടുഗെതർ ബന്ധങ്ങൾ നൽകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വികസിത രാജ്യങ്ങളിലേത് പോലെ വിവാഹങ്ങൾ നമ്മുടെ നാട്ടിലും കാലഹരണപ്പെട്ടതിന് ശേഷമേ ലിവിംഗ് ടുഗെതർ ബന്ധങ്ങൾ സാധാരണയാകൂയെന്നും ജസ്റ്റിസ് സിദ്ധാർത്ഥ് നിരീക്ഷിച്ചു. ലിവിംഗ് ടുഗെതർ ബന്ധങ്ങൾ ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്നും കോടതി മുന്നറിയിപ്പ് നൽകി.
വിവാഹത്തെ ഇല്ലാതാക്കുന്നതിൽ സിനിമകൾക്കും ടെലിവിഷൻ സീരിയലുകൾക്കും പങ്കുണ്ടെന്ന് പറഞ്ഞ കോടതി ലിവിംഗ് ടുഗെതർ ബന്ധങ്ങൾ പുരോഗമനപരമായിട്ടാണ് പലതിലും കാണിക്കുന്നത്. അതിനാൽ യുവതലമുറ ഈ ബന്ധങ്ങലിലേയ്‌ക്ക് വളരെ വേഗത്തിൽ ആകർഷിക്കപ്പെടുന്നു. ലിവിംഗ് ടുഗെതർ ബന്ധങ്ങൾ നൽകുന്ന ഭാവിയിലെ പ്രത്യാഘാതങ്ങളെ കുറിച്ച് യുവതലമുറ ബോധവാൻമാരല്ലെന്നും ഹൈക്കോടതി പറഞ്ഞു.
Comments