തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. 2004-ൽ പുറത്തിറങ്ങിയ ‘ചെല്ലമേ’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ ലോകത്തേക്കുള്ള നടന്റെ ചുവടുവെയ്പ്. പിന്നാലെ നിരവധി വിജയ ചിത്രങ്ങൾ താരത്തെ തേടിയെത്തി. എന്നാൽ, അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം പരാജയപ്പെട്ടത് വിശാൽ ആരാധകരെ ഏറെ നിരാശരാക്കിയിട്ടുണ്ട്. എന്നാൽ, തന്റെ ഏറ്റവും പുതിയ ചിത്രമായ മാർക്ക് ആന്റണിയിലൂടെ വലിയ ഒരു തിരിച്ചു വരവ് നടത്താനൊരുങ്ങുകയാണ് വിശാൽ. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് താരമിപ്പോൾ. ഇപ്പോഴിതാ, പ്രമോഷൻ വേദിയിൽ വിശാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേ നേടുന്നത്.
തന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് വിശാൽ നൽകിയ മറുപടിയാണ് വൈറലാകുന്നത്. ‘വളരെ ആലോചിച്ച് എടുക്കേണ്ട തീരുമാനമാണ് വിവാഹം. ഇപ്പോൾ എവിടെ നോക്കിയാലും വിവാഹമോചനമാണ്. പരസ്പരം മനസ്സിലാക്കണം. ദേഷ്യപ്പെടരുത്, വഴക്കും കലഹവും ഉണ്ടാക്കരുത്. വിവാഹത്തിലേക്ക് കടക്കുമ്പോൾ വളരെ ആലോചിച്ച് തീരുമാനമെടുക്കണം. അച്ഛനും അമ്മയും കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നതു കൊണ്ടോ, പ്രായമായി എന്നത് കൊണ്ടോ പെട്ടെന്ന് വിവാഹം കഴിക്കാം എന്ന തീരുമാനം എടുക്കരുത്’- വിശാൽ പറയുന്നു.
46-കാരനായ വിശാൽ ഇപ്പോഴും അവിവാഹിതനാണ്. 2019-ൽ വളരെ ആഘോഷ പൂർവ്വമായി അനിഷ അല്ല റെഡ്ഡിയുമൊത്തുള്ള താരത്തിന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. എന്നാൽ, പിന്നീട് ഇരുവരും വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇരുവരും പിരിയാനുള്ള കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതിനെപ്പറ്റി വിശാൽ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. നടി ലക്ഷ്മി മേനോനുമായി വിശാൽ വിവാഹിതനാകാൻ പോകുന്നു എന്ന തരത്തിലും ചില വാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങളോട് വളരെ രൂക്ഷമായാണ് താരം പ്രതികരിച്ചത്.
Comments