ന്യൂഡൽഹി: ആർജെഡി നേതാവും കുംഭകോണ കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതിയുമായ ലാലു പ്രസാദ് യാദവിനെ വീട്ടിലെത്തി സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ. ലാലുവിന്റെ മകൾ മിസ ഭാരതിയുടെ ഡൽഹിയിലെ വസതിയിൽ എത്തിയാണ് കഴിഞ്ഞമാസം രാഹുൽ അദ്ദേഹത്ത സന്ദർശിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് കോൺഗ്രസ്.
ലാലുവും മകളും രാഹുലും ചേർന്ന് ചമ്പാരൻ മട്ടൻ തയ്യാറാക്കുന്ന വീഡിയോയാണ് കോൺഗ്രസിന്റെ ഔദ്യോഗിക ഹാൻഡിലുകളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ലാലു മട്ടൻ ഉണ്ടാക്കുന്ന രീതി രാഹുലിന് മനസിലാക്കികൊടുക്കുന്നതും രാഹുൽ ചേരുവകൾ ചേർക്കുന്നതുമാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഇടയ്‌ക്ക് ഇരുവരും രാഷ്‌ട്രീയം ചർച്ച ചെയ്യുന്നതും വീഡിയോയിൽ പകർത്തിയിട്ടുണ്ട്. സന്ദർശനത്തിൽ ലാലുജിയുടെ രാഷ്‌ട്രീയ റെസിപ്പി മനസിലാക്കാൻ സാധിച്ചെന്നായിരുന്നു വിഡിയോ പുറത്തിറക്കിയതിന് പിന്നാലെ രാഹുൽ നടത്തിയ പ്രതികരണം.
വ്യത്യസ്ഥമായ രാഷ്‌ട്രീയ പരിപാടിയായി അവതരിപ്പിക്കാനാണ് ശ്രമിച്ചതെങ്കിലും വീഡിയോ ട്രോളന്മാർ ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപിൽ തമിഴ്‌നാട്ടില് എത്തി രാഹുൽ നടത്തിയ പാചക വീഡിയോ വൻ ട്രോളായി മാറിയിരുന്നു. ഇന്നും ട്രോളുകളിലെ പ്രധാന ചേരുവയാണ് രാഹുലിന്റെ തൈര്, കല്ലുപ്പ്, വെങ്കായം വീഡിയോ.
മുംബൈയിൽ നടന്ന പ്രതിപക്ഷ യോഗത്തിൽ ആർജെഡി ഇടഞ്ഞതിന് പിന്നാലെയാണ് ഈ വീഡിയോ പുറത്തുവിട്ടത് എന്നതാണ് ശ്രദ്ധേയം. സ്ഥാനാർത്ഥി നിർണയത്തിൽ ധാരണ ഉണ്ടാക്കണമെന്ന മമതയുടെ തീരുമാനത്തെ ആർജെഡിയും പിന്തുണച്ചിരുന്നു. എന്നാൽ അഭിപ്രായം അവഗണിക്കപ്പെടുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് യോഗ നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് മമത വേദിവിട്ട് മടങ്ങിയിരുന്നു.
















Comments