അമരാവതി: കറണ്ട് പോയതിനെ തുടർന്ന് മൊബൈൽ ഫോണിന്റെ ടോർച്ച് ലൈറ്റ് ഉപയോഗിച്ച് രോഗികൾക്ക് ശസ്ത്രക്രിയ നടത്തി ഡോക്ടർ. ആന്ധ്രയിലെ കുറുപം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് സംഭവം. അപകടത്തിൽപ്പെട്ട രോഗികൾക്ക് പ്രാഥമിക ശുശ്രൂഷ നൽകുന്നതിടെയായിരുന്നു കറണ്ട് പോയത്.തുടർന്ന് മൊബൈൽ ഫ്‌ലാഷ്‌ലൈറ്റ് അടിച്ച് ഡോക്ടർമാരും നഴ്‌സുമാരും മുറിവുകളിൽ മരുന്ന് വച്ച് കെട്ടുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയ എട്ട് പേർക്കാണ് ഇരുട്ടിൽ ചികിത്സ നൽകേണ്ടി വന്നത്. കറണ്ട് വരാതായതോടെ ടോർച്ച് ലൈറ്റ് ഉപയോഗിച്ച് രോഗികളെ പരിശോധിക്കുകയായിരുന്നു ഡോക്ടർ. അടിയന്തര ലോഡ്‌ഷെഡിംഗായിരുന്നു വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് റിപ്പോർട്ട്. ഈ പ്രദേശത്ത് വൈദ്യുതി തടസ്സമുണ്ടാകുന്നത് സ്ഥിരം സംഭവമാണ്.
രോഗികളെ കട്ടിലിൽ കിടത്തി നഴ്‌സുമാർ ഒരു കൈയിൽ മൊബൈൽ പിടിച്ച് മുറിവിലേക്ക് ഫ്‌ലാഷ്‌ലൈറ്റടിക്കുകയും മറു കയ്യിൽ മുറിവ് വൃത്തിയാക്കുകയും ചെയ്തു. തുടർന്ന് മരുന്ന് വയ്‌ക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയകളിൽ പ്രചരിക്കുന്നുണ്ട്.
നേരത്തെ, ഇതേ ജില്ലയിലെ സാലൂർ നഗരത്തിലെ ഏരിയാ ആശുപത്രിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. കഴിഞ്ഞദിവസമുണ്ടായ ഇടിമിന്നലിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്നാണ് ആശുപത്രികൾ ഇരുട്ടിലായത്. വൈദ്യുതി മുടക്കം രോഗികളെയും ആശുപത്രി ജീവനക്കാരെയും കടുത്ത ബുദ്ധിമുട്ടിലാക്കുകയായിരുന്നു.
Comments