ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ ഹിംസയുടെ പ്രവാചകനാണെന്ന് മുൻ പിഎസ്‍സി ചെയർമാനും ബിജെപി നേതാവുമായ കെ.എസ് രാധാകൃഷ്ണൻ. ഹിന്ദു മതത്തെയും ഹൈന്ദവ സംസ്‌കാരത്തെയും സംരക്ഷിക്കാനുള്ള ബാധ്യത ഒരു രാഷ്‌ട്രീയ കക്ഷികൾക്കും ഇല്ല എന്ന് സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ഹീനമായ പരിശ്രമമാണ് ഉദയനിധി സ്റ്റാലിനെ പോലുള്ളവർ നടത്തുന്നത്. അങ്ങനെയുള്ളവർ മഹാത്മാ ഗാന്ധിയെ നിരാകരിക്കുന്നു, രാമായണത്തെ നിരാകരിക്കുന്നു, വാത്മീകിയേയും വ്യാസനേയും നിരാകരിക്കുന്നു, വേദോപനിഷത്തുകളെ നിരാകരിക്കുന്നു. ഇതെല്ലാം നിരാകരിച്ചു കൊണ്ട് മറ്റൊരു സംസ്‌കാരം ഭാരതത്തിൽ സൃഷ്ടിച്ചെടുക്കാൻ സാധ്യമല്ല.
രാമനെയും കൃഷ്ണനെയുമെല്ലാം മാറ്റി നിർത്തികൊണ്ട് ഭാരതത്തിൽ സംഗീതമുണ്ടോ, നൃത്തമുണ്ടോ, സാഹിത്യമുണ്ടോ, നാടകമുണ്ടോ, ചിത്രകലയുണ്ടോ, ശില്പകലയുണ്ടോ. ഇതിനെയെല്ലാം മാറ്റി നിർത്താൻ ആർക്കെങ്കിലും കഴിയുമോ. മറ്റ് പാർട്ടികൾ മാറ്റി നിർത്താൻ ശ്രമിച്ചാലും ബിജെപി അതിന് തയ്യാറാവില്ല. ഉദയനിധി സ്റ്റാലിനെ താരതമ്യം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ മുത്തച്ഛനായ കരുണാനിധിയുമായാണ്. ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവിതം ആരംഭിച്ചവർ എങ്ങനെയാണ് ഇത്രയും വലിയ സാമ്രാജ്യം പടുത്തുയർത്തിയത്. സ്റ്റാലിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സ്വത്ത് വിവരും പുറത്തുവിടട്ടെ. എവിടുന്നാണ് ഇത്രയധികം പണം സമ്പാദിച്ചത്. വളർത്തു ദോഷമാണ് ഉദയനിധി സ്റ്റാലിനുള്ളത്. വളർത്തു ദോഷം ഉള്ളതുകൊണ്ട് എന്തും പറയാമെന്നും ആരും ചോദിക്കാൻ ഇല്ലെന്നുമുള്ള ധിക്കാരമാണ് ഉദയനിധി സ്റ്റാലിന്.
ഭാരതത്തിന്റെ സംസ്‌കാരം എന്നത് ഹൈന്ദവ സംസ്‌കാരമാണ്. സത്യം കേവലമായതുകൊണ്ട് അതിനെ പലതായി അറിയുകയും പറയുകയും ചെയ്യാമെന്ന സങ്കൽപ്പത്തിൽ ദൈവ നിഷേധത്തെപ്പോലും കുറ്റക്കരമാക്കാതിരുന്ന ചാർവാകന്മാരെ പോലും ദാർശനികന്മാരായി അംഗീകരിക്കുകയും ചെയ്ത ഒരു മഹാപാരമ്പര്യം ഹിന്ദുമതത്തിൽ അല്ലാതെ ലോകത്ത് വേറെ ഏത് മതത്തിലുണ്ട്. സനാതന ധർമ്മത്തെപ്പറ്റി ഉദയനിധി സ്റ്റാലിന് ഒന്നും തന്നെ അറിയില്ല. സനാതന ധർമ്മത്തെ നശിപ്പിക്കണമെന്ന് പറഞ്ഞാൽ ഹിംസയെ സ്ഥാപിക്കണം എന്നാണ്. ഹിംസയുടെ പ്രവാചകനായി മാറുന്ന ഒരുവന് മാത്രമെ സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്യാൻ സാധിക്കുകയുള്ളൂ- കെ.എസ് രാധാകൃഷ്ണൻ പറഞ്ഞു.
Comments