തിരുവന്തപുരം: സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ ആഹ്വാനം ഹിന്ദു വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. സ്റ്റാലിൻ കുടുംബത്തിന്റെ ഇത്തരം ചിന്തകൾ സിറിയ പോലുള്ള നാട്ടിൽ മാത്രമേ നടക്കൂ, ഇന്ത്യയിൽ നടക്കില്ല. തമിഴ്നാട്ടിൽ ഇനിയും ഭരണം ഉറപ്പിക്കാൻ വേണ്ടി ധർമ്മത്തെ ഇല്ലാതാക്കണമെന്ന ഉദയനിധിയുടെ ലക്ഷ്യം ഭൂരിപക്ഷ സമുദായങ്ങളെ വിഭജിക്കുക എന്നതാണ്.
കുട്ടിക്കാലത്ത് എടുക്കേണ്ട പല വാക്സിനുകളും എടുക്കാത്തവർ വലുതായി വരുമ്പോൾ രാജ്യത്ത് ഉന്മൂലനം ചെയ്ത പല പകർച്ചവ്യാധികളും പിടിപ്പെട്ട് വികൃതമാകാറുണ്ട്. ഉദയനിധി സ്റ്റാലിന് ഇത് തുടക്കമാണ്. നല്ല വഴിപാടുകൾ കഴിച്ചാൽ മാറും. ഇത് മനസ്സിലാക്കിയായിരിക്കും ആഴ്ചകൾക്ക് മുമ്പ് അമ്മ ദുർഗ്ഗ സ്റ്റാലിൻ 14 ലക്ഷം വിലവരുന്ന 32 പവൻ സ്വർണത്തിൽ തീർത്ത കീരീടം ഗുരുവായൂരപ്പന് സമർപ്പിച്ചത്.
കണ്ണന് ചാർത്താനുള്ള ചന്ദനമുട്ടികൾ അരയ്‌ക്കാൻ 2 ലക്ഷം രൂപ വില വരുന്ന പ്രത്യേകം തയ്യാറാക്കിയ മെഷിൻ സമർപ്പിക്കാനും അവർ മറന്നില്ല.
രാഷ്‌ട്രീയക്കാരും അവിശ്വാസികളെന്ന് അഭിനയിക്കുന്നവരുമായ അച്ഛനും മക്കൾക്കും വേണ്ടി അമ്മ നടത്തുന്ന ധർമ്മ പക്ഷത്തെ വിശ്വാസം നിലനിർത്തി പൊതുജനമദ്ധ്യത്തിൽ അധർമ്മം പ്രചരിപ്പിക്കാൻ ഇറങ്ങുന്ന ഉദയനിധിയെ പോലുള്ളവർ ഇന്ത്യക്ക് അപമാനമാണ്. സ്റ്റാലിൻ കൂടുബത്തിന്റെ ഉന്മൂല സിദ്ധാന്തം നാളെകളിൽ ഇന്ത്യയിൽ ഇല്ലാതാകും. പക്ഷെ, സനാതന ധർമ്മം ഇന്ത്യയും കടന്ന് പ്രശാന്തമായി പടരും. സനാതന ധർമ്മവിശ്വാസികളോട് മാപ്പുപറഞ്ഞ് സ്റ്റാലിൻ ഈ പ്രസ്താവന പിൻവലിക്കണം എന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
Comments