ബെംഗളുരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-01 ന്റെ രണ്ടാം ഭ്രമണപഥം ഉയർത്തൽ വിജയകരം. ഇന്ന് പുലർച്ചെ 2.45 നായിരുന്നു ഭ്രമണപഥം ഉയർത്തൽ നടന്നത്. നിലവിൽ ഭൂമിയിൽ നിന്നും കുറഞ്ഞ അകലം 282 കിമി, കൂടിയ ദൂരം 40,225 കി.മി ദൂരത്തുമുള്ള ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ആദിത്യ.
ബെംഗളുരു, മൗറീഷ്യസ്, പോർട്ട്‌ബ്ലെയർ എന്നിവിടങ്ങളിലെ ഇസ്രോ/ഇസ്ട്രാക് കേന്ദ്രങ്ങളിൽ നിന്നാണ് ഭ്രമണപഥം ഉയർത്തൽ പ്രക്രിയ നിയന്ത്രിച്ചത്. ഇനി ഭൗമമണ്ഡലത്തിലെ രണ്ട് ഭ്രമണപഥം ഉയർത്തൽ കൂടിയാണ് ബാക്കിയുള്ളത്. ശേഷം എൽ-01 പോയിന്റിലേക്കുള്ള 125 ദിവസം നീണ്ടുനിൽക്കുന്ന യാത്ര ആദിത്യ എൽ-01 ആരംഭിക്കും. ഈ മാസം 10ന് പുലർച്ചെ 2.45 നാണ് അടുത്ത ഭ്രമണപഥം ഉയർത്തൽ.
Aditya-L1 Mission:
The second Earth-bound maneuvre (EBN#2) is performed successfully from ISTRAC, Bengaluru.ISTRAC/ISRO's ground stations at Mauritius, Bengaluru and Port Blair tracked the satellite during this operation.
The new orbit attained is 282 km x 40225 km.
The next… pic.twitter.com/GFdqlbNmWg
— ISRO (@isro) September 4, 2023
സൗരാന്തരീക്ഷത്തിന്റെ പുറംപാളിയായ കൊറോണയെ കുറിച്ചുള്ള വിവരങ്ങൾ ഉപഗ്രഹത്തിൽ നിന്നും ജനുവരിയിൽ ലഭിച്ചു തുടങ്ങുമെന്നാണ് വിലയിരുത്തൽ. ഇതിന് മുന്നോടിയായി വിശദാംശങ്ങൾ ക്രോഡീകരിക്കുന്നതിനായി ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് സജ്ജമായി കഴിഞ്ഞു. ഉപഗ്രഹത്തിലെ പ്രധാന പേലോഡായ വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് നിർമ്മിച്ചത് ഐഐഎയുടെ ഹോസ്‌കോട്ടെയിലെ സെന്റർ ഫോർ റിസർച്ച് ആൻഡ് എജ്യുക്കേഷൻ ഇൻ സയൻസ് ആൻഡ് ടെക്നോളജിയായിരുന്നു. എംജികെ മേനോൻ ലാബിലായിരുന്നു നിർമ്മാണം. ലഗ്രാഞ്ച് പോയിന്റിൽ നിന്നും കൊറോണയുടെ ചിത്രങ്ങൾ 24 മണിക്കൂറും തുടർച്ചയായി പകർത്തുക എന്നതാണ് വിഎൽഇസിയുടെ പ്രധാന ദൗത്യം. 190 കിലോഗ്രാം ഭാരമാണ് ഇതിനുള്ളത്.
പ്രതിദിനം 1,440 ചിത്രങ്ങളാകും ഇത് ഭൂമിയിലേക്ക് അയക്കുക. ഹൈക്വാളിറ്റി ചിത്രങ്ങളായിരിക്കും ഇവ. ഇതുവരെ ലഭിച്ച കൊറോണയുടെ ചിത്രങ്ങളിൽ ഏറ്റവും മികച്ചതാകും ഇതെന്നാണ് വിലയിരുത്തൽ. ഇതിന് പുറമേ പ്ലാസ്മ അവസ്ഥയിലുള്ള കൊറോണ വലിയ തോതിലാണ് വാതകങ്ങളും ദ്രാവങ്ങളും പുറന്തള്ളുന്നത്. ഇവ ബഹിരാകാശ കാലാവസ്ഥയെ തകിടം മറിക്കുന്നതിനും ഭൗമാന്തരീക്ഷത്തിലെത്തി ഭൂകാന്തിക കൊടുങ്കാറ്റ് സൃഷ്ടിക്കുന്നതിനും ഉപഗ്രഹങ്ങൾക്ക് തകരാറുകൾ വരുത്താനും കാരണമാകുന്നു. ഇതിനെ കുറിച്ച് പഠിക്കുന്നതിനായി പ്രത്യേക അൽഗോരിതം ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷൻ സയൻസസുമായി സഹകരിച്ച് ഐഐഎ വികസിപ്പിച്ചിട്ടുണ്ട്.
















Comments