പത്ത് അന്താരാഷ്‌ട്ര മത്സരങ്ങള്‍ തികച്ച് കളിക്കാത്ത ഒരു ടീം. ചരിത്രത്തിലാദ്യമായി ഇന്ത്യയ്‌ക്കെതിരെ കളിച്ചപ്പോള്‍ മികച്ചൊരു ടോട്ടല്‍ പടുത്തുയര്‍ത്തുക. ഇന്ത്യയുടെ മികവേറിയ ഒരു ബൗളിംഗ് നിരയെ തെല്ലും ഭയമില്ലാതെ നേരിടുന്നൊരു നേപ്പാള്‍ ടീമിനെയാണ് കഴിഞ്ഞ ദിവസം കണ്ടത്. എന്നാല്‍ പാകിസ്താനെതിരെ കളിച്ചപ്പോള്‍ 104 റണ്‍സിനാണ് നേപ്പാള്‍ പുറത്തായത്. എട്ടുപേരാണ് രണ്ടക്കം കാണാതെ കൂടാരം കയറിയത്. ഇക്കാര്യങ്ങള്‍ താരതമ്യം ചെയ്താണ് ഇന്ത്യന്‍ ടീമിനെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദ്യം ചെയ്യുന്നത്.
ഏഷ്യാകപ്പില്‍ ഇതുവരെ ടീമിന് മികവില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് നായകന്‍ രോഹിത് ശര്‍മ്മ തന്നെ വ്യക്തമാക്കിയിരുന്നു. പാകിസ്താനെതിരെ സമ്മര്‍ദ്ദത്തിലാണ് ടീം കളിച്ചതെന്നും രോഹിത് തുറന്നുസമ്മതിച്ചു. മഴ പെയ്തില്ലായിരുന്നെങ്കിലും മത്സര ഫലം മറ്റെന്നാകുമായിരുന്നു എന്ന് വാദിക്കുന്നവരും കുറവല്ല. അതിന് കാരണവും അവര്‍ തന്നെ നിരത്തുന്നു. ഫീള്‍ഡിംഗില്‍ ഇന്ത്യയ്‌ക്കുണ്ടായിരുന്നു കണിശത നഷ്ടമായിരിക്കുന്നു. ഇന്നലെ മാത്രം ആദ്യ ആദ്യ 5 ഓവറിനിടെ 3 നിസാര ക്യാച്ചുകളാണ് നീലപ്പട കൈവിട്ടത്. ശ്രേയസ് അയ്യറാണ് തുടക്കമിട്ടത്. പിന്നാലെ കോഹ്ലിയും ഇഷാന്‍ കിഷനും അനായാസ ക്യാച്ചുകള്‍ കൈവിടുകയായിരുന്നു. നിരവധി ബൗണ്ടറികളും ചോര്‍ന്നു.
ബാറ്റിംഗിന്റെ കാര്യത്തില്‍ ഇന്ത്യന്‍നിര ശരാശരിക്കും താഴയെന്നാണ് വിലയിരുത്തല്‍. കടലാസിലെ പുലികള്‍ കളത്തില്‍ പൂച്ചകളെന്നാണ് വിമര്‍ശനം. പാകിസ്താനെതിരെ ആദ്യ മത്സരത്തില്‍ ഇത് കണ്ടതാണെന്നും അവര്‍ പറയുന്നു. ഇന്ത്യയെടുത്ത 266 റണ്‍സില്‍ 20 റണ്‍സ് എക്‌സ്ട്രയായിരുന്നുവെന്നും 50 ഓവര്‍ പൂര്‍ത്തിയാക്കാനാവാതെ ഇന്ത്യ പുറത്തായി. ഇഷാന്‍ കിഷനും പാണ്ഡ്യയും മാത്രം പാകിസ്താന്‍ ബൗളര്‍മാരെ സധൈര്യം നേരിട്ടു. രോഹിത്, കോഹ്ലി,ഗില്‍,അയ്യര്‍ തുടങ്ങിയവരടങ്ങുന്ന മുന്‍നിര പതിവു പോലെ പാക്‌സ്താന്‍ പേസ് നിരക്ക് മുന്നില്‍ മുട്ടിടിച്ച് വീഴുന്നതാണ് കണ്ടത്. വിന്‍ഡീസ് പര്യടനത്തിലെ തോല്‍വിയും ഇന്ത്യയുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്.
ഷമി,സിറാജ്,ബുമ്ര,താക്കൂര്‍ എന്നിവരടങ്ങുന്ന പേസ് നിരയ്‌ക്ക് മികവ് പുറത്തെടുക്കാന്‍ കഴിയുന്നില്ല. നേപ്പാളിനെതിരെ സിറാജ് യഥേഷ്ടം റണ്‍വിട്ടു നല്‍കി. ബുമ്ര സൂപ്പര്‍ ഫോറില്‍ തിരിച്ചെത്തുമെങ്കിലും താരം ഇതുവരെ ഏഷ്യാകപ്പില്‍ പന്തെറിഞ്ഞിട്ടില്ല. അയര്‍ലന്‍ഡിനെതിരെ മോശമല്ലാത്ത പ്രകടം കാഴ്ചവച്ചിട്ടുണ്ടെങ്കിലും ബുമ്രയുടെ ഫോം കണ്ടുതന്നെ അറിയണം. സ്പിന്നര്‍മാരായ കുല്‍ദീപും ജഡേജയും ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. സന്തുലിതമല്ലാത്ത ടീമാണ് ലോകകപ്പിന് പോകുന്നതെന്നാണ് വിമര്‍ശനം. കെഎല്‍ രാഹുലിന് വേണ്ടിയാണ് ടീം പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നാണ് മറ്റൊരു വിമര്‍ശനം. അതേസമയം ലോകകപ്പിനുള്ള സ്‌ക്വാഡ് ഇന്ന് പ്രഖ്യാപിച്ചേക്കും.
Comments