ചെന്നൈ: വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും അപൂർവ്വയിനം പാമ്പുകളെ പിടികൂടി കസ്റ്റംസ് ഉദ്യോഗസ്ഥർ. തായ്ലൻഡിലെ ബാങ്കോക്കിൽ നിന്ന് വന്ന യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസ് അപൂർവ്വയിനം പാമ്പുകളെ പിടികൂടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് പാമ്പുകളെ കണ്ടെത്തിയത്.
യാത്രക്കാരനെ സംശയാസ്പദമായി കണ്ടതിനെ തുടർന്നാണ് കസ്റ്റംസ് ഇയാളെ തടഞ്ഞ് നിർത്തി പരിശോധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പാമ്പുകളെ പ്ലാസ്റ്റിക് കുട്ടയിലാക്കിയ നിലയിൽ കണ്ടെടുക്കുകയായിരുന്നു. 14 പാമ്പുകളാണ് പ്രതിയുടെ പക്കൽ ഉണ്ടായിരുന്നത്.
കസ്റ്റംസ് ഉദ്യോഗസ്ഥർ വന്യജീവി സംരക്ഷണ വകുപ്പിനെ വിവരം അറിയിച്ചതോടെ സംഘം വിമാനത്താവളത്തിലെത്തി പാമ്പുകളെ പരിശോധിച്ചു. 12 എണ്ണം പ്രത്യേകതരം പെരുപാമ്പുകളും രണ്ടെണ്ണം വ്യത്യസ്ത രാജവെമ്പാലകളുമാണ്. എന്നാൽ ഇത് സംബന്ധിച്ച് യാതൊരു രേഖകളും യാത്രക്കാരന്റെ പക്കൽ ഉണ്ടായിരുന്നില്ല. പാമ്പുകളിൽ രോഗാണുക്കൾ ഉണ്ടാകാമെന്നും ഇവ മറ്റ് മൃഗങ്ങളിലും അതുവഴി മനുഷ്യരിലും പടരാനുള്ള സാധ്യത കൂടുതലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Comments