കോഴിക്കോട്: കേരളത്തിൽ നവോത്ഥാനം കൊണ്ടുവന്നത് സമസ്തയും മുസ്ലീം ലീഗുമെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. കമ്മ്യൂണിസമാണ് നവോത്ഥാനം സൃഷ്ടിക്കുന്നതെന്ന തരത്തിൽ പ്രചരണങ്ങൾ നടക്കുന്നതായും നാസർ പറഞ്ഞു. സിപിഎമ്മിനും എസ്എഫ്‌ഐയ്‌ക്കും എതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് നാസറിന്റെ പരാമർശം. കോഴിക്കോട് നടന്ന സുന്നി മഹൽ ഫെഡറേഷൻ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസം അന്യം നിൽക്കേണ്ട ആശയമാണ്. അതിനെ ചെറുത്തുനിർത്തേണ്ടത് അനിവാര്യമാണ്. മതനിരാസത്തിന്റെയും മതവിരുദ്ധതയുടെയും പര്യായമാണ് കമ്മ്യൂണിസവും മറ്റ് ഭൗതിക വാദങ്ങളും. എസ്എഫ്‌ഐ ക്യാമ്പസുകൾ മതനിരാസമാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇസ്ലാം വിരുദ്ധത പ്രതിഫലിപ്പിച്ച് സങ്കര സംസ്‌കാരം എന്ന പേര് സ്വീകരിച്ച് മതവിരുദ്ധത അടിച്ചേൽപ്പിക്കുന്ന ചില ബൗദ്ധിക പ്രവണതകൾ പല മേഖലകളിലും കണ്ടുവരുന്നു.
ചിലരുടെ കമ്മ്യൂണിസത്തിലേക്കുള്ള നീക്കം സമൂഹത്തിന് അപകടം ചെയ്യും. ഇത്തരം ബൗദ്ധിക പ്രസ്ഥാനങ്ങളോട് ഒരിക്കലും അനുരഞ്ജനപ്പെടരുത്. ഇവ എതിർക്കപ്പെടേണ്ടതാണ്- നാസർ ഫൈസി കൂടത്തായി പറഞ്ഞു.
Comments