ന്യൂഡൽഹി: തന്റെ ഊർജ്ജത്തിന് പിന്നിലെ ചാലകശക്തി ജനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 72 വയസ്സായ നരേന്ദ്രമോദിക്ക് ഭരണകാര്യങ്ങളിൽ സജീവമായി നിൽക്കാൻ സാധിക്കുന്നത് എങ്ങനെയാണെന്ന സ്വകാര്യ മാദ്ധ്യമത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷ്യത്തിന് വേണ്ടി ഊർജ്ജസ്വലരായി പ്രവർത്തിക്കുന്ന നിരവധി വ്യക്തികൾ ലോകത്തുണ്ട്. അവരിൽ ഒരാൾ മാത്രമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് തന്നെ ഇന്ത്യയിലെ ഒട്ടുമിക്ക ജില്ലകളിലും സന്ദർശനം നടത്തുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. കഷ്ടതയിലൂടെ ജീവിക്കുന്ന ആളുകളെ ഞാൻ ഈ യാത്രകളിൽ കണ്ടുമുട്ടിയിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിലെ അവരുടെ നിശ്ചയദാർഢ്യവും ഉറച്ച ആത്മവിശ്വാസവും എനിക്ക് കരുത്ത് പകർന്നു. ലക്ഷ്യത്തിനായി സ്വയം പ്രയത്‌നിക്കുന്ന നിരവധി ആളുകളെ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. അവരിൽ നിന്നാണ് ഇത്തരത്തിൽ കർമ്മനിരതനായിരിക്കാൻ ഞാൻ പഠിച്ചത്. മറ്റൊരു കാരണം ലക്ഷ്യവും ദൗത്യവും തമ്മിലുളള വ്യത്യാസമാണ്. ഒരു വ്യക്തി ലക്ഷ്യത്തിന് വേണ്ടി പ്രയത്‌നിക്കുമ്പോൾ ഉയർച്ചയും താഴ്ചയും അയാളുടെ ഭാഗമാകും. സ്ഥാനമാനങ്ങളും അധികാരവും സുഖസൗകര്യങ്ങളും നേടണമെന്ന ആസക്തിയാണ് ലക്ഷ്യത്തിന് പുറകെ പോകാനുളള കാരണം.
ഞാൻ ദൗത്യത്തിന് പുറകെയാണ് പോകുന്നത്. വ്യക്തിപരമായ ലക്ഷ്യത്തിനായല്ല, ദൗത്യത്തിനായാണ് ഞാൻ പ്രവർത്തിക്കുന്നത്. അതിനാൽ ഉയർച്ച -താഴ്ചകൾ ദൗത്യത്തിനായി പ്രവർത്തിക്കുന്നവരെ ബാധിക്കില്ല. ശുഭാപ്തി വിശ്വാസത്തിന്റെയും ഊർജ്ജത്തിന്റെയും അടിസ്ഥാനത്തിലാണ് നാം ഒരു ദൗത്യത്തിനായി പ്രയത്‌നിക്കുന്നത്. ദൗത്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതാണ് പ്രഥമ ലക്ഷ്യം. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനാണ് ഞാൻ പ്രധാന്യം നൽകുന്നത്. ഭാരതത്തിന്റെയും എന്റെ ജനങ്ങളുടെയും വികസനത്തിനായി പ്രവർത്തിക്കുക എന്നതാണ് എന്റെ ദൗത്യം. ഒത്തിരി ദൂരം സഞ്ചരിക്കാനുളളതിനാൽ ഈ ദൗത്യമെനിക്ക് ആവേശവും കരുത്തും നൽകുന്നു- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ആഗോളവളർച്ചയ്‌ക്കായി ഇന്ത്യയ്‌ക്ക് ഒരുപാട് സംഭവാന ചെയ്യാനുണ്ട്. അതിനുളള സാദ്ധ്യതകളും ഇവിടെയുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കാനുളള വേദിയാണ് ഇന്ത്യയിലെ ജനങ്ങൾക്ക് ആവശ്യം. അതിനുളള വേദികൾ സൃഷ്ടിക്കുക എന്നതാണ് ദൗത്യം. ആ ദൗത്യം എന്നെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ദൗത്യത്തിനായി ഇറങ്ങുമ്പോൾ ആരോഗ്യമുള്ള മനസ്സും ശരീരവും ഒരു വ്യക്തിയ്‌ക്ക് ആവശ്യമാണ്. അതിന് അച്ചടക്കവും ദൈനംദിന ശീലങ്ങളും ആവശ്യമാണ്, അതിനാൽ അതും ശീലിക്കുന്നു.
















Comments