ന്യൂഡൽഹി: ഇന്ത്യയ്‌ക്കൊപ്പം തന്നെ പറയുന്ന നാമമാണ് ഭാരതമെന്ന് ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷ്. ഭാരതം എന്ന പേര് എപ്പോഴും നമ്മോടൊപ്പമുള്ളതാണ്. ഇന്ത്യയിൽ നിന്ന് ഭാരതത്തിലേക്കുളള യാത്ര ഒരു പ്രത്യേക അനുഭവമായിരിക്കും, പ്രത്യേകിച്ച് രാജ്യത്തെ യുവജനങ്ങൾക്ക്. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിന്റെ ഔദ്യോഗിക യാത്രയയപ്പിനിടെയാണ് താരത്തിന്റെ പ്രതികരണം.
”ഭാരത് മാതാ കി ജയ് എന്ന് എപ്പോഴും വിളിക്കുന്നവരാണ് നമ്മൾ, ഭാരതം എന്ന വാക്ക് നമ്മളോടൊപ്പമുണ്ട്”- ശ്രീജേഷ് വ്യക്തമാക്കി. എന്നാൽ ഭാരത് എന്ന പേരിൽ വെല്ലുവിളിയുണ്ടെന്നും പ്രായമായവർ പൊരുത്തപ്പെടാൻ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യൻ ഗെയിംസിനായുളള ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക കിറ്റും താരങ്ങളുടെ ജഴ്‌സിയും ചടങ്ങിൽ പുറത്തിറക്കി. കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറാണ് കിറ്റ് പുറത്തിറക്കിയത്. പി.ആർ. ശ്രീജേഷ്, സവിത പുനിയ എന്നിവർ ജഴ്‌സിയണിഞ്ഞാണ് ചടങ്ങിനെത്തിയത്. സംഘത്തിന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ(ഐ.ഒ.എ) ഔദ്യോഗിക യാത്രയയപ്പും നൽകി. ഐ.ഒ.എ പ്രസിഡന്റ് പി.ടി. ഉഷ നേതൃത്വം നൽകി.
















Comments