തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി മഹാശോഭ യാത്രക്ക് തുടക്കമായി. നൃത്തച്ചുവടുകളുമായി ഉണ്ണികണ്ണന്മാരും ഗോപികമാരും നഗര വീഥികളിലൂടെ ഘോഷയാത്ര ആരംഭിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന ശോഭയാത്ര ഭീമ ജുവലറി ഉടമ ഡോ.ബി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ചെങ്കൽ രാജശേഖരൻ പതാക കൈമാറി. ചടങ്ങിൽ നടൻ ഗോകുൽ സുരേഷ് ഗോപി, ഗായത്രി സുബ്രഹ്മണ്യം എന്നിവർ പങ്കെടുത്തു.
ശ്രീകൃഷ്ണ നാമജപങ്ങളുടെ അകമ്പടിയോടെ ഭജനസംഘങ്ങള്‍, പുണ്യപുരാണ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങള്‍ എന്നിവ വിഥികളിൽ നിറഞ്ഞു. സമക്ഷയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളും ശോഭയാത്രയുടെ ഭാഗമായിരിക്കുകയാണ്. ഭക്തിയും വിശ്വാസവും കാഴ്ചയും സംഘടനാ ശക്തിയും എല്ലാത്തിന്റെയും നേര്‍ക്കാഴ്ചയായിരുന്നു ശ്രീകൃഷ്ണ ജയന്തി മഹാശോഭയാത്ര. ‘അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും’ എന്നതായിരുന്നു ഇത്തവണത്തെ ജന്മാഷ്ടമി സന്ദേശം.
വിവിധ സ്ഥലലങ്ങളിലെ ബാലഗോകുലങ്ങളില്‍ നിന്നെത്തിയ കുട്ടികള്‍ നഗരത്തിൽ മ്യൂസിയം, മസ്‌ക്കറ്റ് ഹോട്ടല്‍, എല്‍എംഎസ്, ബേക്കറി, ജനറല്‍ ആശുപത്രി തുടങ്ങി നഗരത്തിലെ പത്തു കേന്ദ്രങ്ങളിലായി ഒത്തു കൂടി. ഉപശോഭായാത്രയായി പാളയത്തേക്കാണ് ഘോഷയാത്ര എത്തുന്നത്. ചെറു ശോഭായാത്രകള്‍ പാളയം ഗണപതി ക്ഷേത്രത്തിനുമുന്നില്‍ സംഗമിച്ചു.
സംഗമ ശോഭയാത്രയ്‌ക്ക് ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ ശ്രീകൃഷ്ണജയന്തി സന്ദേശം നല്‍കി. കൃഷ്ണ സങ്കല്പത്തിന്റെയും ജീവിത ദര്‍ശനത്തിന്റെയും ധാര്‍മ്മിക മൂല്യ ഭാവങ്ങളെ ആധുനിക ജീവിതത്തില്‍ ആവിഷ്‌കരിക്കാനുള്ള സര്‍ഗ്ഗാത്മക ഇടപെടലാണ് ബാലഗോകുലം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Comments