ന്യൂഡൽഹി: സനാതന ധർമ്മത്തെ കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഭക്തർ ജീവിച്ചിരിക്കുന്ന കാലത്തോളം ആർക്കും വിശ്വാസത്തെ വെല്ലുവിളിക്കാനാവില്ലെന്ന ശബ്ദം സനാതന ധർമ്മത്തെ വെല്ലുവിളിക്കുന്നവരിലേക്ക് എത്തണമെന്ന് സ്മൃതി ഇറാനി പറഞ്ഞു. ദിവ്യജ്യോതി ജാഗ്രതി സൻസ്ഥാൻ ഡൽഹിയിൽ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷ പരിപാടിയിൽ ഭക്തരോട് സംവദിക്കുകയായിരുന്നു മന്ത്രി.
ചില കാര്യങ്ങളെ എതിർക്കാൻ സാധിക്കില്ലെന്നും അത് നിർത്തലാക്കണം എന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം. മാറാ രോഗങ്ങളെ നമുക്ക് എതിർക്കാനാവില്ല, അവയെ ഇല്ലാതാക്കണം. ഇതു പോലെ സനാതന ധർമ്മത്തെ എതിർക്കുകയല്ല ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്ന് ഉദയനിധി കൂട്ടിച്ചേർത്തു. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലാണ് ഉദയനിധിയുടെ ഹിന്ദു വിരുദ്ധ പരാമർശം.
ഇതിന് പിന്നാല രാജ്യമെമ്പാടും പ്രതിഷേധം പടർന്നു. നിരവധപേർ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യൻ സഖ്യം സനാതന ധർമ്മത്തെ അപമാനിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഡിഎംകെയുടെയും കോൺഗ്രസിന്റെയും നേതാക്കൾ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുകയാണ്. സനാതന ധർമ്മത്തെ ഇവർ അപമാനിക്കുന്നത് ആദ്യമായല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments