ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റുമെന്ന അഭ്യൂഹങ്ങൾ പരന്നതോടെ പ്രതിപക്ഷ പാർട്ടികൾ അനാവശ്യമായ വിവാദം സൃഷ്ടിക്കുകയാണ്. ഇന്ത്യ എന്ന് പേര് മാറ്റി ഭാരതമെന്ന് നൽകരുതെന്നാണ് കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസുമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്. ഇന്ത്യയുടെ യഥാർത്ഥ നാമത്തെയും സംസ്കാരത്തെയും തിരസ്കരിച്ചും ഇകഴ്‌ത്തി കാട്ടിയുമാണ് ഭാരതം എന്ന നാമത്തെ പ്രതിപക്ഷ കക്ഷികൾ എതിർക്കുന്നത്. ഇതിനായി അവർ ഭരണഘടനയെ തെറ്റായി വ്യാഖ്യാനം ചെയ്യാനും ശ്രമിക്കുന്നു. എന്നാൽ ഇന്ത്യയെന്നാൽ ഭാരതമാണെന്ന് ഭരണഘടന ശിൽപികൾ അടിവരയിടുന്നത്.
‘ഇന്ത്യ, അതായത് ഭാരതം, യൂണിയൻ ഓഫ് സ്റ്റേറ്റ്’ എന്നാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 1 പറയുന്നത്. ഇന്ത്യയെന്നും ഭാരതമെന്നുമുള്ള നാമങ്ങൾ നിയമ, രാഷ്‌ട്രീയ മേഖലയിൽ ഔദ്യോഗികമായി ഉപയോഗിക്കുന്നതാണ് എന്ന് ഭരണഘടന ഉറപ്പ് നൽകുന്നു. ജി-20 ഉച്ചകോടി അത്താഴ വിരുന്നിനായി അയച്ച ക്ഷണക്കത്തിൽ ‘ഭാരതത്തിന്റെ രാഷ്‌ട്രപതി’ എന്ന് ആലേഖനം ചെയ്തതാണ് അഭ്യൂഹങ്ങൾക്ക് കാരണം. രാജ്യസഭയിൽ 2012ൽ ഇന്ത്യയെന്നത് ഭാരത് എന്നാക്കി മാറ്റണമെന്ന് കോൺഗ്രസ് നേതാവ് ശാന്താറാം നായിക് സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി, ഭാരതത്തിന് ഭൂമിശാസ്ത്രപരവും വിശാലവുമായ അർത്ഥമുണ്ടെന്ന് ശാന്തറാം പറഞ്ഞു. ഇന്ത്യയെന്നും ഭാരതമെന്നും അഭിസംബോധന ചെയ്യാമെന്നിരിക്കെ എന്തിനാണ് രാജ്യത്തിന് ഇരട്ട നാമം നൽകിയതെന്നാണ് അന്ന് കോൺഗ്രസ് എംപി ചോദിച്ചത്.
ഇംഗ്ലീഷിൽ രാജ്യത്തെ ഇന്ത്യയെന്നും മറ്റ് ഇന്ത്യൻ ഭാഷകളിൽ ഭാരത് എന്നും വിളിക്കുന്നു. തമിഴിൽ ഭാരതാ, മലയാളത്തിൽ ഭാരതം, തെലുങ്കിൽ ഭാരതദേശം. ഹിന്ദിയിൽ ഭരണഘടനയെ ‘ഭാരത് കാ സംവിധാൻ’ എന്നാണ് വിശേഷിപ്പിക്കുന്നത് തന്നെ. ഇന്ത്യ എന്നത് ഭൂമിശാസ്ത്രവും ഭരണപരവുമായ ഒരു സത്തയെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഭാരതം എന്നത് സാമൂഹിക-സാംസ്‌കാരിക സത്തയെയാണ് കാണിക്കുന്നത്. സംസ്‌കാരത്താൽ ഒരുമിപ്പിക്കപ്പെട്ട പ്രദേശമെന്ന സങ്കൽപ്പത്തിൽ നിന്നാണെന്ന് വിദഗ്ധർ പറയുന്നു.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ‘ഡിസ്‌കവറി ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തിൽ ഇക്കാര്യം പരാമർശിക്കുന്നുണ്ട്. ‘നമ്മുടെ ഈ ഇന്ത്യയെക്കുറിച്ചും ഹിന്ദുസ്ഥാനെക്കുറിച്ചും ഭരതത്തെക്കുറിച്ചും ഞാൻ പലപ്പോഴും എന്റെ രാജ്യത്തെ ജനങ്ങളോട് സംസാരിച്ചിട്ടുണ്ട്’. ഭാരത് ഗണരാജ്യ, റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ എന്നീ രണ്ട് പേരുകൾ ഇന്ത്യൻ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതം ഒരു പ്രദേശത്തിന്റെ സമ്പന്നമായ സാംസ്‌കാരികവും ചരിത്രപരവുമായ പൈതൃകത്തെ ഉൾക്കൊള്ളുന്നുവെന്നാണ് ചരിത്രക്കാരന്മാർ വിശ്വസിക്കുന്നത്.
ഭരണഘടനയുടെ കരട് തയ്യാറാക്കുന്ന ചർച്ചയിൽ 1949 സെപ്തംബർ 18ന് ‘ഇന്ത്യ എന്ന ഭാരതം…’ എന്നത് ആവശ്യത്തിൽ ഭരണഘടന കമ്മിറ്റിയിൽ തർക്കം രൂപപ്പെട്ടു. ഭരണഘടനാ അസംബ്ലി അംഗവും ഫോർവേഡ് ബ്ലോക്ക് നേതാവുമായ ഹരി വിഷ്ണു കാമത്ത് കരട് പട്ടികയിൽ ആർട്ടിക്കിൾ 1-ലെ ഇന്ത്യ എന്നത് പുഃനരാവിഷ്‌കരിക്കണമെന്ന് നിർദ്ദേശിച്ചു. കോൺഗ്രസ് അംഗം ഹർഗോവിന്ദ് പന്തും ഇന്ത്യ എന്നത് മാറ്റണമെന്നും ഭാരതമെന്നോ ഭാരതവർഷമെന്നോ ആക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. മറ്റൊരു കോൺഗ്രസ് നേതാവായ കമലാപതി ത്രിപാഠിയും ഭാരതത്തെ പ്രഥമ പേരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അതിനാൽ തന്നെ ഭാരതം എന്നത് ഉപയോഗിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, അത് രാജ്യത്തിന്റെ പേര് മാറ്റുകയല്ലെന്നും മറിച്ച് രാജ്യത്തിന്റെ സാംസ്‌കാരിക തനിമയെ ഉറപ്പിക്കുന്ന പേരിന് മുൻതൂക്കം നൽകുകയാണെന്നതുമാണ് യാഥർത്ഥ്യം.
Comments