ചെന്നൈ: സനാതന ധർമ്മം ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡിഎംകെ തയ്യാറുണ്ടോ എന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ‘സനാതന ധർമ്മം ഇല്ലാതാക്കാനാണ് ഡിഎംകെ ആഗ്രഹിക്കുന്നത്. എന്നാൽ അത് സംരക്ഷിക്കാനാണ് ബിജെപിയുടെ ശ്രമം. അതിനാൽ നമുക്ക് ഈ സനാതന ധർമ്മം ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാം. ആർക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ എന്നും അണ്ണാമലൈ പറഞ്ഞു.
സനാതന ധർമ്മത്തിലെ പ്രശ്നങ്ങളെ പിഴുതെറിയാൻ കാലാകാലങ്ങളിൽ സന്യാസിമാർ ഉയർന്നുവന്നിട്ടുണ്ട്. ഹിന്ദുമതത്തെ കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും മകനും ഉദയനിധി സ്റ്റാലിനും വ്യക്തമായ ധാരണയില്ല. സനാതന ധർമ്മം കാലാതീതമാണ്. അതിന് ഉത്ഭവമോ അവസാനമോ ഇല്ല. ഇന്നുള്ള ഏത് മതത്തിനേക്കാളും പഴക്കമുള്ളതാണ്. മനുഷ്യനെ ദൈവമായാണ് സനാതന ധർമ്മം കാണുന്നത്. മനുഷ്യരെ മാത്രമല്ല എല്ലാ ജീവജാലങ്ങളെയുംസനാതന ധർമ്മം ഉൾക്കൊള്ളുന്നു. സനാതന ധർമ്മം എല്ലാവരേയും തുല്യമായി പരിഗണിക്കുന്നു. എല്ലാ മതങ്ങളിലും പ്രശ്നങ്ങളുണ്ട് കാരണം എല്ലാത്തിലും മനുഷ്യരാണുള്ളത്. ധർമ്മത്തിനുള്ളിൽ നിന്നും ഉയർന്നുവന്ന ഋഷിവര്യന്മാർ വിവേചനങ്ങളെ എതിർക്കുകയും ഇല്ലാതാക്കുകയും ചെയ്തു എന്ന് അണ്ണാമലൈ വ്യക്തമാക്കി.
ഉദയനിധി സ്റ്റാലിന് പിന്നാലെ സനാതന ധർമ്മത്തെ അധിക്ഷേപിച്ച് ഡിഎംകെ എം.പി രാജയും രംഗത്തു വന്നിരുന്നു. ഉദയനിധി പറഞ്ഞത് കുറഞ്ഞ് പോയെന്നും സനാതന ധർമ്മം കുഷ്ഠരോഗമാണെന്നുമായിരുന്നു ഡിഎംകെ എംപി എ. രാജ പറഞ്ഞത്. സനാതന ധർമ്മത്തെ ചില രോഗങ്ങളുമായി താരതമ്യം ചെയ്യണം, ഉദയനിധി അതിനെ ഡെങ്കിപ്പനിയുമായും മലേറിയയുമായും താരതമ്യം ചെയ്തു. എച്ച്ഐവി, കുഷ്ഠം തുടങ്ങിയ രോഗങ്ങളുമായാണ് സനാതന ധർമ്മത്തെ താരതമ്യം ചെയ്യേണ്ടത്. -എ. രാജ പറഞ്ഞു.
Comments