ചെന്നൈ: ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയ്‌ക്ക് പിന്തുണയുമായി നടൻ കമൽഹാസൻ. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണം എന്നു പറഞ്ഞതിൽ താൻ ഉറച്ചു നിൽക്കുന്നുവെന്ന് ഉദയനിധി ആവർത്തിക്കുമ്പോഴാണ് പിന്തുണയുമായി നടൻ രംഗത്ത് എത്തിയിരിക്കുന്നത്. ഉദയനിധിയുടെ വാക്കുകൾ വളച്ചൊടിക്കുകയാണെന്നാണ് കമൽഹാസന്റെ ന്യായീകരണം. പാരമ്പര്യങ്ങളെ വിമർശനാത്മകമായി വിലയിരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും നടൻ വാദിക്കുന്നു.
‘വിയോജിക്കാനും ചർച്ചകളിൽ ഏർപ്പെടാനും പൗരന്മാർക്ക് സ്വാതന്ത്ര്യം ഉണ്ട്. അതാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ മുഖമുദ്ര. ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നത് പ്രധാനപ്പെട്ട ഉത്തരങ്ങളിലേക്ക് നയിക്കും. ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ വികസനത്തിന് അത്തരം ചോദ്യങ്ങൾ സംഭാവന നൽകും. അതാണ് ചരിത്രം ആവർത്തിച്ച് നമ്മെ പഠിപ്പിക്കുന്നത്. സനാതന ധർമ്മത്തെ കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾ പങ്കുവെയ്‌ക്കാൻ ഉദയനിധി സ്റ്റാലിന് അവകാശമുണ്ട്. അദ്ദേഹത്തിന്റെ വീക്ഷണങ്ങളോട് നിങ്ങൾക്ക് വിയോജിപ്പ് ഉണ്ടെങ്കിൽ ഭീക്ഷണിപ്പെടുത്തുകയല്ല വേണ്ടത്’.
‘സനാതനത്തിന്റെ ഗുണങ്ങളെ അടിസ്ഥാനമാക്കി സംവാദങ്ങളാണ് നടത്തേണ്ടത്. സങ്കുചിത രാഷ്‌ട്രീയ നേട്ടങ്ങൾക്കായി വൈകാരിക പ്രതികരണങ്ങൾ ഉണർത്താൻ വേണ്ടി ഉദയനിധിയുടെ വാക്കുകളെ വളച്ചൊടിക്കുകയാണ്. ആരോഗ്യകരമായ സംവാദങ്ങൾക്കുള്ള സുരക്ഷിത ഇടമാണ് തമിഴ്‌നാട്, അത് അങ്ങനെ തന്നെ തുടരും. ഉൾക്കൊള്ളൽ, സമത്വം, പുരോഗതി എന്നിവ ഉറപ്പാക്കിക്കൊണ്ട് നമ്മുടെ പാരമ്പര്യങ്ങളെ വിമർശനാത്മകമായി വിലയിരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. യോജിപ്പുള്ളതും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹത്തെ പരിപോഷിപ്പിക്കുന്നതിന് ക്രിയാത്മകമായ ചർച്ചകളെ സ്വീകരിക്കണം’- കമൽഹാസൻ പറഞ്ഞു.
എന്നാൽ, ഉദയനിധിക്ക് പിന്നാലെ ഡിഎംകെ നേതാക്കൾ ഹിന്ദു മതത്തിനെതിരെ നിരന്തരമായി വിഷം ചീറ്റുകയാണ്. ഉദയനിധി പറഞ്ഞത് കുറഞ്ഞ് പോയെന്നും സനാതന ധർമ്മം കുഷ്ഠരോഗമാണെന്നുമായിരുന്നു ഡിഎംകെ എംപി എ. രാജ പറഞ്ഞത്. സനാതന ധർമ്മത്തെ ചില രോഗങ്ങളുമായി താരതമ്യം ചെയ്യണം, ഉദയനിധി അതിനെ ഡെങ്കിപ്പനിയുമായും മലേറിയയുമായും താരതമ്യം ചെയ്തു. എന്നാൽ എച്ച്‌ഐവി, കുഷ്ഠം തുടങ്ങിയ രോഗങ്ങളുമായാണ് സനാതന ധർമ്മത്തെ താരതമ്യം ചെയ്യേണ്ടത് -എന്നായിരുന്നു എ. രാജ നടത്തിയ പ്രസ്താവന. ഡിഎംകെ നേതാക്കൾ നിരന്തരം സനാതന ധർമ്മത്തെ അധിക്ഷേപിക്കുമ്പോഴാണ് പിന്തുണയുമായി കമൽഹാസൻ രംഗത്തു വന്നിരിക്കുന്നത്.
Comments