തിരുവനന്തപുരം: മുഗൾ രാജാക്കന്മാർ വിചാരിച്ചിരുന്നെങ്കിൽ ഇന്ത്യയെ ഇസ്ലാം രാഷ്‌ട്രമാക്കി മാറ്റാമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബ്രിട്ടീഷുകാരും മുഗൾ രാജാക്കന്മാരും ഇന്ത്യയെ മതത്തിന്റെ കണ്ണിൽ കണ്ടിരുന്നില്ല. ബാബർ മുതൽ ഔറംഗസീബ് വരെയുള്ള മുസ്ലിം ഭരണാധികാരികൾ എല്ലാ മതങ്ങളെയും ബഹുമാനിച്ചിരുന്നുവെന്നും രമേശ് ചെന്നിത്തല അവകാശപ്പെട്ടു. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികത്തിൽ തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച പദയാത്രയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മുഗൾ ഭരണത്തെ കോൺഗ്രസ് നേതാവ് വാനോളം പുകഴ്‌ത്തിയത്.
‘വർഗീയതയുടെ പേരിൽ ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കുന്നു. അതിനെതിരെ സ്‌നേഹത്തിന്റെ സന്ദേശമായി രാഹുൽ ഗാന്ധി നടത്തിയതാണ് ഭാരത് ജോഡോ യാത്ര. പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടപ്പോൾ ബിജെപിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അതോടെ ഇന്ത്യയുടെ പേര് തന്നെ മാറ്റിയേക്കാം, ഭാരതം എന്ന് ആക്കിയേക്കാം എന്ന് അവർ തീരുമാനിച്ചു. രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്നത് വർഗീയ താത്പര്യങ്ങൾക്ക് വേണ്ടിയാണ്’.
‘ഇന്ത്യ ഏറ്റവും കൂടുതൽ കാലം ഭരിച്ചത് മുഗൾ രാജാക്കന്മാരായിരുന്നു. അവർ വിചാരിച്ചിരുന്നെങ്കിൽ ഇന്ത്യയെ ഒരു ഇസ്ലാംമത രാഷ്‌ട്രമാക്കി മാറ്റാമായിരുന്നു. ബാബർ മുതൽ ഔറംഗസീബ് വരെയുള്ള മുസ്ലിം ഭരണാധികാരികൾ എല്ലാ മതങ്ങളെയും ബഹുമാനിച്ചു. എല്ലാ മതങ്ങൾക്കും പ്രവർത്തിക്കാനുള്ള അവകാശം മുഗൾ രാജാക്കന്മാർ നൽകി. ആരെയും അവർ തകർക്കാൻ ശ്രമിച്ചില്ല. അവർക്ക് അന്ന് ഭാരതത്തെ മുസ്ലിം രാജ്യമാക്കാമായിരുന്നു. എന്നാൽ അവരത് ചെയ്തില്ല. ബ്രിട്ടീഷുകാരും ഇന്ത്യയെ മതത്തിന്റെ കണ്ണിൽ കണ്ടില്ല. പിന്നീട് കോൺഗ്രസ് സർവ്വമത സമഭാവനയോടെ രാജ്യം ഭരിച്ചു’- രമേശ് ചെന്നിത്തല പറഞ്ഞു.
















Comments